ജീവനക്കാര്‍ സ്വന്തം ഇ മെയിൽ ഐഡിയിൽ നിന്ന് ലോഗ് ചെയ്ത് വേണം ഗൂഗിൾഫോം പൂരിപ്പിക്കാൻ. പേരും ജീവനക്കാരുടെ തസ്തിക, ഐഡി, ജോലി ചെയ്യുന്ന സ്ഥലം എന്നിവയ്ക്ക് ഒപ്പമാണ് സര്‍വീസ് സംഘടനയിൽ അംഗമാണോ, ഉണ്ടെങ്കിൽ ഏത് എന്ന ചോദ്യവുമുള്ളത്
തിരുവനന്തപുരം : സംസ്ഥാന ഭൂരേഖ സർവ്വെ വകുപ്പിൽ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനായുള്ള അഭിപ്രായ രൂപീകരണ മാര്‍ഗരേഖ വിവാദത്തിൽ. ഓൺലൈനായി അഭിപ്രായം അറിയിക്കുന്പോൾ ജീവനക്കാരുടെ സംഘടനയുടെ പേരും രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിനെതിരെ രജിസ്ട്രേഷൻ ഐജിക്ക് പരാതി നൽകാനാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ തീരുമാനം
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുസ്ഥലം മാറ്റം ഓൺലൈൻ വഴിയാക്കുന്നതിന്‍റെ ഭാഗമായാണ് ഭൂരേഖ സര്‍വേ വകുപ്പിലെയും പുതിയ പരീക്ഷണം. ഇതിന്‍റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി രജിസ്ട്രേഷൻ ഐജി ജൂൺ 20ന് ചര്‍ച്ചയും നടത്തി. ഇതിന് പിന്നാലെ മാനദണ്ഡങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് അഭിപ്രായം അറിയിക്കാൻ സര്‍വേ ഡയറക്ടര്‍ക്കുവേണ്ടി അസിസ്റ്റന്‍റ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനമാണ് വിവാദമായത്.
ഈ മാസം 12ന് പുറത്തിറക്കിയ അറിയിപ്പിൽ ഗൂഗിൾഫോം വഴി അഭിപ്രായം അറിയിക്കുമ്പോൾ ജീവനക്കാരുടെ സംഘടനയുടെ പേരും നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്ന നിര്‍ദേശമാണ് വിവാദത്തിലായത്. അഭിപ്രായം അറിയിക്കുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കി പ്രതികാര നടപടിയ്ക്കടക്കം വഴിവയ്ക്കുമെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആക്ഷേപം. ഇത് ഇഷ്ട സ്ഥലത്തേക്ക് മാറ്റം ആഗ്രഹിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റത്തെ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്.
ജീവനക്കാര്‍ സ്വന്തം ഇ മെയിൽ ഐഡിയിൽ നിന്ന് ലോഗ് ചെയ്ത് വേണം ഗൂഗിൾഫോം പൂരിപ്പിക്കാൻ. പേരും ജീവനക്കാരുടെ തസ്തിക, ഐഡി, ജോലി ചെയ്യുന്ന സ്ഥലം എന്നിവയ്ക്ക് ഒപ്പമാണ് സര്‍വീസ് സംഘടനയിൽ അംഗമാണോ, ഉണ്ടെങ്കിൽ ഏത് എന്ന ചോദ്യവുമുള്ളത്. ഓൺലൈൻ സ്ഥലംമാറ്റം നടക്കുമ്പോൾ ന്യൂതനമായ ആശയങ്ങൾ സര്‍വീസ് സംഘടനകളിൽ നിന്ന് തേടുന്നതിന്‍റെ ഭാഗമായാണ് സര്‍വീസ് സംഘടനയെക്കുറിച്ചുള്ള ചോദ്യമെന്നാണ് സര്‍വേ ഭൂരേഖ വകുപ്പിന്‍റെ വിശദീകരണം.
