ഗണഗീത വിവാദം മറ്റ് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിത്. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ? കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്ന് പറഞ്ഞ ജോർജ് കുര്യൻ ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു. കൂടാതെ, ഗണഗീതം പാടാൻ അറിയില്ലെന്നും ശാഖയിൽ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വീണ്ടും റെയിൽവേ പോസ്റ്റ് ചെയ്തിരുന്നു. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഇതാണ് ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും പിന്നീട് പിന്‍വലിക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തത്.


