പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനീക രീതിയില്‍ പുനര്‍നിര്‍മിക്കാനും സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നായിരുന്നു യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്ക്.

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യു എഴുന്നൂറ് കോടിയോളം രൂപ വായ്പ വാഗ്ദാനം ചെയ്തു. തുടര്‍ ചര്‍ച്ചകള്‍ക്കായി കെഎഫ് ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും. വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കാനും സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നായിരുന്നു യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്ക്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടി. 

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്നാണ് കേരളത്തിന് കുറഞ്ഞ പലിശയില്‍ 90 മില്ല്യണ്‍ യൂറോ അഥവാ 696 കോടി രൂപ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് കെഎഫ് ഡബ്ല്യു അറിയിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. രണ്ടാം ഘട്ടമായി 80 മില്ല്യണ്‍ യൂറോ കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. നേരത്തെ കൊച്ചി മെട്രോയ്ക്ക് ധനസഹായം നല്‍കിയ ഏജന്‍സിയാണ്കെഎഫ് ഡബ്ല്യു. 

നവകേരള നിര്‍മാണത്തിനുളള ധനസമാഹരണം ലക്ഷ്യമിട്ട് ജൂണ്‍ ആദ്യവാരം സര്‍ക്കാര്‍ ദില്ലിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍ക്ളേവില്‍ കെഎഫ് ഡബ്ല്യു അധികൃതരും പങ്കെടുക്കും. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് നിലവില്‍ 3600 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനാവശ്യമായ 30,000 കോടിയോളം രൂപ ദീര്‍ഘകാല വായ്പയായി വിവിധ ഏജന്‍സികളില്‍ നിന്നായി കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം.