Asianet News MalayalamAsianet News Malayalam

മോഷണത്തിന് കടയിലേക്ക് പറ‌ഞ്ഞയച്ച പെൺകുട്ടി പിടിക്കപ്പെട്ടു, അന്വേഷിച്ചപ്പോൾ പുറത്തുവന്നത് 4 വർഷത്തെ പീഡനം

കുട്ടിക്ക് ഒൻപത് വയസായിരുന്ന സമയത്ത് 2015ലാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലതവണ പീഡിപ്പിച്ചു. ഒടുവിൽ ഏറെ കഴിഞ്ഞാണ് വീട്ടുകാർ പോലും വിവരം അറിഞ്ഞത്.

Girl caught while theft attempt in a shop and when asked she revealed about serious crime for many years
Author
First Published Sep 1, 2024, 9:45 AM IST | Last Updated Sep 1, 2024, 9:45 AM IST

തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ നാലു വർഷം നിരന്തരമായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതിക്ക് 86 വർഷം കഠിനതടവും 75000 രൂപ പിഴയും. തിരുവനന്തപുരം കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെയാണ് (41) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്.  പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക പീഡനം നേരിട്ട കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

2015 കാലഘട്ടത്തിൽ കുട്ടിക്ക് ഒൻപത് വയസ് ആയിരുന്നപ്പോൾ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി പുറത്തു പറയാൻ ഭയന്നു. 

ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. മറ്റൊരു ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരികൾ പുറത്തു വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. 

ജീവനക്കാരികൾ കുട്ടിയോട് പ്രതിയെപ്പറ്റിയുള്ള  വിവരങ്ങൾ ആരാഞ്ഞപ്പോൾ ആണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ ജീവനക്കാരികൾ കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. വിവരം അറിഞ്ഞ വീട്ടുകാർ പേരൂർക്കട പോലീസിൽ പരാതി കൊടുകുകയിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പോലീസ് പ്രതിയുടെ ഫോണിന്റെ ടവർ ലൊക്കേഷനുകൾ പരിശോധിച്ചപ്പോൾ പ്രതിയുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ സംഭവ സമയങ്ങളിൽ ഉണ്ടായതായി തെളിഞ്ഞു. 

പ്രതിയായ ലാത്തി രതീഷ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നൽകാനായി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 33 സാക്ഷികളെ വിസ്ഥരികുകയും, 40 രേഖകളും 2 തൊണ്ടി മുതലുകളും ഹാജരാക്കി. പേരൂർക്കട പോലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, എസ്ഐ. സഞ്ജു ജോസഫ് ആണ് കേസ് അന്വേഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios