വിവിധ സൈനിക വിഭാഗങ്ങളും ഐടിബിപിയും ദുരന്തനിവാരണസേനയും ചേര്‍ന്ന് മേഖലയില്‍ നടത്തുന്ന വലിയ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തില്‍ കുടങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചിലിന് വിചാരിച്ച വേഗം കൈവരിക്കാനാകാത്തത് തിരിച്ചടിയായി.

​ദില്ലി: ഉത്തരാഖണ്ഡിലെ ദുരന്ത കാരണം ഗ്ലോഫ് ആയിരിക്കാമെന്ന് ഡിആ‌‍‌ർഡിഒയുടെ പ്രാഥമിക നിഗമനം. ‍ഗ്ലേഷ്യൽ ലേക്ക് ഔട്ട് ബർസ്റ്റ് ഫ്ലഡ് ( Glacial lake outburst flood ) എന്നതിന്റെ ചുരുക്കെഴുത്താണ് ഗ്ലോഫ്. ചമേലിയിൽ വ്യോമ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ഡിആർഡിഒ ഗ്ലോഫ് സാധ്യത മുന്നോട്ട് വയ്ക്കുന്നത്. മ‌ഞ്ഞ് പാളി പൊട്ടി അടര്‍ന്ന് മാറി മഞ്ഞ് തടാകം രൂപപ്പെട്ടു. ഇത് പൊട്ടിയതാണ് ദുരന്തത്തിന് കാരണമെന്നാണ് ഡിആര്‍ഡിഒയുടെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധന നടത്തുമെന്ന് ഡിആര്‍ഡിഒ അധികൃതർ അറിയിച്ചു.

മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തുരങ്കത്തിലെ മണ്ണും ചെളിയും വേഗത്തില്‍ മാറ്റാനാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്. മിന്നല്‍ പ്രളയം സംഭവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴും 200 ല്‍ അധികം ആളുകളെ കുറിച്ച് വിവരമില്ല. വിവിധ സൈനിക വിഭാഗങ്ങളും ഐടിബിപിയും ദുരന്തനിവാരണസേനയും ചേര്‍ന്ന് മേഖലയില്‍ നടത്തുന്ന വലിയ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തില്‍ കുടങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചിലിന് വിചാരിച്ച വേഗം കൈവരിക്കാനാകാത്തത് തിരിച്ചടിയായി. രണ്ടര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍റെ നൂറ് മീറ്റര്‍ മാത്രംമാണ് ഇതുവരെ ചെല്ലാനായത്. ആധുനിക ഉപകരണങ്ങളും ഡോഗ് സ്വക്വാഡിനെയും നിയോഗിച്ചെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. നൂറ് മീറ്റര്‍ കൂടി അതിവേഗം പോകാനായാല്‍ രക്ഷാപ്രവർത്തനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. 

റിഷിഗംഗ പദ്ധതിയില്‍ രണ്ട് പോലീസുകാരടക്കം 46 പേരും 12 ഗ്രാമീണരും 172 എൻടിപിസി ജോലിക്കാരും കാണാതായവരില്‍ പെടുന്നു. കണ്ടെടുക്കാനായ മൃതദേഹങ്ങളില്‍ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളു . 

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ ഉത്തരാഖണ്ഡ് എംപിമാരുമായി ചര്‍ച്ച നടത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.