കേരള സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേന പങ്കെടുക്കും.

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേന പങ്കെടുക്കും. ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും. ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായി.

ശബരിമല ക്ഷേത്ര വിശ്വാസികളായ വ്യക്തികളാണ് പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളി‍ലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളുടെ പ്രതിനിധികളെയും സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സംഗമത്തിന്റെ വിജയത്തിനായി പ്രതിദിന അവലോക യോഗം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. 

പ്രതിനിധികള്‍ക്കായി 25 എ.സി. ലോ ഫ്ലോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സി. സജ്ജീകരിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ അതും ഒരുക്കും. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ സമീപ സ്ഥലങ്ങളിലും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. സബ്കമ്മിറ്റികള്‍ പ്രതിദിന അവലോകനം നടത്തി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming