ആർഎംപിയോട് ഏറ്റ തോൽവിക്ക് കണക്ക് ചോദിക്കാൻ സിപിഎം ഇക്കുറി വടകര സീറ്റ് ഏറ്റെടുത്തേക്കുമെന്ന ചര്‍ച്ചകള്‍ സജീവം. ആര്‍ജെഡിയിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്നാണ് സൂചന.
കോഴിക്കോട്: ആർഎംപിയോട് ഏറ്റ തോൽവിക്ക് കണക്ക് ചോദിക്കാൻ സിപിഎം ഇക്കുറി വടകര സീറ്റ് ഏറ്റെടുത്തേക്കുമെന്ന ചര്‍ച്ചകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ഉയര്‍ന്നുകഴിഞ്ഞു. മുന്‍കാലങ്ങളിലും സമാനമായ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇക്കുറി ആർജെഡിയിലും മുന്നണി മാറ്റ ചര്‍ച്ചകള്‍ നടന്നതോടെയാണ് വടകരയില്‍ സിപിഎം തന്നെ കളത്തില്‍ ഇറങ്ങിയേക്കുമെന്ന സൂചനകള്‍ വീണ്ടും സജീവമായത്. എന്നാല്‍, പ്രചരിക്കുന്നത് എല്ലാം ഊഹാപോഹങ്ങൾ മാത്രമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം. പാർട്ടി വിട്ടു പോയ പ്രഗൽഭർ പലരും ഉണ്ടെങ്കിലും ടിപി ചന്ദ്രശേഖരനും ആർഎംപിയും സൃഷ്ടിച്ച അത്രയും പരിക്ക് ഒരേ മേഖലയിൽ സിപിഎമ്മിന് ഏൽപ്പിച്ച മറ്റാരുമില്ല എന്നതാണ് ചരിത്രം. അതിന്‍റെ ഒടുവിലെ ഉദാഹരണമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്.
ആർ എം പി യുടെ വരവോടെ ഒഞ്ചിയവും ഏറാമലയും അടക്കമുള്ള പഞ്ചായത്തുകൾ നഷ്ടമായ സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിലും തുടർച്ചയായി തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുട്ടുമടക്കേണ്ടി വന്നത്. താൻ ടിപിയുടെ ശബ്ദമായിരിക്കുമെന്ന പ്രഖ്യാപനവുമായി ടിപിയുടെ ചിത്രം പതിച്ച വസ്ത്രവുമണിഞ്ഞുള്ള കെ കെ രമയുടെ നിയമസഭയിലേക്കുള്ള കടന്നു വരവ് തന്നെ തുടർ ഭരണമെന്ന ചരിത്ര നേട്ടത്തിന്‍റെ നിറവിലായിരുന്ന സിപിഎം നേതൃത്വത്തിന് താങ്ങാനാവാത്തതായിരുന്നു. രമയ്ക്ക് പിന്നാലെ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് ഷാഫി പറമ്പിൽ കൂടി എത്തിയതോടെ കടത്തനാടൻ പോരിന്‍റെ വീറും വാശിയും ഏറി. ഇതിനിടെ, ഇടതുമുന്നണി നേതൃത്വവുമായി ആർജെഡി അകലുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയും എറണാകുളത്ത് അടുത്തിടെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തുടര്‍ച്ചയായി അവഗണന നേരിടുന്ന സാഹചര്യത്തില്‍ മുന്നണി മാറ്റം പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ ഉയരുകയും ചെയ്തതോടെയാണ് വടകരയില്‍ സിപിഎം തന്നെ കളത്തിലിറങ്ങുമോ എന്ന ചോദ്യങ്ങളും സജീവമായത്.
ഭരണത്തുടർച്ച ഉറപ്പാക്കാൻ ജയ സാധ്യതയ്ക്കായിരിക്കണം പ്രഥമ പരിഗണന എന്നാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ സിപിഎം നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചതും. എന്നാൽ, സീറ്റ് വച്ചുമാറ്റത്തെ കുറിച്ചോ സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ഒന്നും ഒരുവിധ ചർച്ചകളും നടന്നിട്ടില്ല എന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. വടകര സീറ്റ് ആർജെഡിക്ക് തന്നെ നൽകുകയാണെങ്കിൽ സ്ഥാനാർഥി ആരാകും എന്നതിലും തർക്കങ്ങൾ ഉണ്ട്. കഴിഞ്ഞവട്ടം കെ കെ രമയോട് മത്സരിച്ച തോറ്റ മനയത്ത് ചന്ദ്രൻ 2016 യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആർ ജെ ഡി ജില്ലാ പ്രസിഡന്‍റ് എൻ കെ ഭാസ്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ തുടങ്ങിയവരുടെ പേരുകളും ചർച്ചകളിൽ ഉണ്ട്. അതേസമയം, യുഡിഎഫിൽ സ്ഥാനാർത്ഥി ആരാകുമെന്നതിൽ സന്ദേഹം ഏതുമില്ല. എങ്കിലും, സ്ഥാനാർത്ഥി ആരാകുമെന്ന് ചോദിച്ചാൽ തികച്ചും പാർട്ടി ലൈനിൽ തന്നെയാണ് ആർഎംപിയുടെ മറുപടി.
ലോകസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി ഒഴുകെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഷാഫി പറമ്പിൽ നേടിയ വലിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ യുഡിഎഫിന് ആയിട്ടില്ല, മാത്രമല്ല ഇക്കുറി ഭരണ മാറ്റം ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടിയ വടകര മുൻസിപ്പാലിറ്റിയിൽ തോൽവി ഏറ്റുവാങ്ങി. കൈവശമുണ്ടായിരുന്ന അഴിയൂർ പഞ്ചായത്ത് നഷ്ടപ്പെടുകയും ചെയ്തു. ഈ രീതിയിൽ ഇരു കൂട്ടർക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ പലതുള്ളതിനാൽ വടകരയിലെ മത്സര ചിത്രം എന്താകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.



