ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക ക്ഷണം. കത്ത് നൽകി ക്ഷണിക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ വിഡി സതീശൻ കാണാൻ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫീസിൽ കത്ത് നൽകി മടങ്ങുകയായിരുന്നു
തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഓഫീസിൽ ഏല്‍പ്പിച്ചെന്ന് പിഎസ്‍ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് വരേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നും അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അനാവശ്യ വിവാദം ഉണ്ടാക്കി ശബരിമല മലയെ വിവാദ ഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പ വിരോധികൾ ആണ് ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നത്. എൽ ഡി എഫ് കൊണ്ട് വന്നു എന്ന് കരുതി എതിർക്കേണ്ടതില്ല. പറഞ്ഞത് ശരി ആണെങ്കിൽ അംഗീകരിക്കണം. യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായം എന്ന് എംവി ഗോവിന്ദൻ തന്നെ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തുക എന്നതാണ് സിപിഎമ്മിന്‍റെ എല്ലാ കാലത്തേയും നിലപാടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇരട്ടത്താപ്പില്ല. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാവരും ഭൗതികവാദികള്‍ അല്ല. വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ സിപിഎം എതിരല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നും ടിപി രാമകൃഷ്ണന്‍ കോഴിക്കോട്ട് വിശദീകരിച്ചു.



