ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രിയുടെ ക്ഷണം അനുസരിച്ചാണ് തീരുമാനമെന്നും ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം ഭാരവാഹികള്‍ അറിയിച്ചു. ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും ഭാരവാഹികള്‍.

പാലക്കാട്: ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സർക്കാർ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാർഹമാണെന്നും ഗ്ലോബൽ ബ്രാഹ്മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവർത്തിക്കുമെന്ന ദേവസ്വം പ്രസിഡന്‍റിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം ഭാരരവാഹികൾ അറിയിച്ചു. പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്‍റെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് എൻഎസ്എസും വ്യക്തമാക്കിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എൻഎസ്എസിന്‍റെ തീരുമാനം. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്യുകയായിരുന്നു. നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എൻഎൻഎസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫിൽ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നത്. അതേസമയം, സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികള്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിട്ടുണ്ട്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

YouTube video player