നിലവിൽ ഒരുപാട് പ്രശ്നങ്ങൾ സംഘടനയ്ക്ക് അകത്ത് ഉണ്ട്. ഐഎൻഎൽ ഇപ്പോഴും എൽഡിഎഫിന്റെ ഘടക കക്ഷിയാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് ആണ്. മന്ത്രി സ്ഥാനം അല്ല പ്രശ്നം. ഒരാൾ മന്ത്രി ആയതിനെ തുടർന്നുള്ള പ്രശ്നം അല്ല പാർട്ടിയിലെ ഭിന്നത്ക്ക് കാരണം. 

കോഴിക്കോട്: മന്ത്രിയെ പിൻവലിക്കാൻ ഇടതുമുന്നണിയോട് തത്ക്കാലം ആവശ്യപ്പെടില്ലെന്ന് ഐഎൻഎൽ (INL) നേതാവ് പ്രൊഫ. അബ്ദുൾ വഹാബ് (Abdul Wahab). ഐഎൻഎൽ പിളർന്നതോടെ, മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണ്. മന്ത്രിസ്ഥാനമല്ല പാർട്ടി പിളർപ്പിന് കാരണം. മന്ത്രിയെ പിൻവലിക്കാൻ തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് (LDF) നേതൃത്വമാണ്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയെ വളർത്തൽ ആണ് ലക്ഷ്യമെന്നും അബ്ദുൾ വഹാബ് കോഴിക്കോട്ട് പറഞ്ഞു.

നിലവിൽ ഒരുപാട് പ്രശ്നങ്ങൾ സംഘടനയ്ക്ക് അകത്ത് ഉണ്ട്. ഐഎൻഎൽ ഇപ്പോഴും എൽഡിഎഫിന്റെ ഘടക കക്ഷിയാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് ആണ്. മന്ത്രി സ്ഥാനം അല്ല പ്രശ്നം. ഒരാൾ മന്ത്രി ആയതിനെ തുടർന്നുള്ള പ്രശ്നം അല്ല പാർട്ടിയിലെ ഭിന്നതയ്ക്ക് കാരണം. 

ഇതുവരെ മൂന്ന് കാരണം കാണിക്കൽ നോട്ടീസ് കിട്ടി. ഇന്നലെ രാത്രി വീണ്ടും കാരണം കാണിക്കൽ നോട്ടീസ് കിട്ടി. അവജ്ഞയോടെ നോട്ടീസുകൾ തള്ളി കളയുന്നു. അച്ചടക്ക നടപടികൾക്ക് വിലവച്ച് കൊടുക്കുന്നില്ല. തമിഴ്നാട്ടിൽ ഐഎൻഎലിന് ഒരു സീറ്റ് പോലും ലഭിക്കാത്തതിന് കാരണം ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് എന്നും അബ്ദുൾ വഹാബ് പറഞ്ഞു.

ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ചു ചേര്‍ത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് നടന്നു. സെക്രട്ടേറിയറ്റിൽ നേരത്തെ 27 പേരുണ്ടായിരുന്നു. നിലവിൽ ഉള്ളത് 22 പേരാണ്. ഇതിൽ 12 പേർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു എന്ന് അബ്ദുൾ വഹാബ് പറഞ്ഞു. മെമ്പർഷിപ്പ് പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. മാർച്ച് 25ന് പഞ്ചായത്ത് - മണ്ഡലം - ജില്ലാ കൗൺസിലുകൾ തിരഞ്ഞെടുക്കും. മാർച്ച് 27 നു ഭാരവാഹികൾക്ക് സ്വീകരണം നൽകും. ഏപ്രിൽ 23 ന് പാർട്ടി ജന്മദിനമാണ്. ഇതോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അബ്ദുൾ വഹാബ് പറഞ്ഞു. 

ഐഎൻഎൽ ഔദ്യോഗികമായി പിളർന്നത് കഴിഞ്ഞ ആഴ്ചയാണ്. തുടർന്ന് മുൻ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിളിച്ച യോഗത്തിൽ നിലവിൽ ഉണ്ടായിരുന്ന 120 അംഗ സംസ്ഥാന കൗൺസിലിലെ എഴുപത്തേഴ് അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെട്ടിരുന്നു. ഭൂരിഭാഗം അംഗങ്ങളേയും പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനായെന്ന നിലപാടിലാണ് എ പി അബ്ദുള്‍ വഹാബ് വിഭാഗം. 

യോഗത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡ‍ന്‍റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗം തെരെഞ്ഞെടുത്തു. 2018 മുതല്‍ പാര്‍ട്ടിയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ റദ്ദാക്കിയതായും അബ്ദുള്‍ വഹാബ് അറിയിച്ചു. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് വിളിച്ച് ചേര്‍ത്തത് ഐഎന്‍എല്‍ യോഗമല്ലെന്ന് മറുവിഭാഗം പ്രതികരിച്ചു. വിവിധ കാരണങ്ങളാല്‍ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുന്‍ പ്രസിഡന്‍റ് യോഗം വിളിച്ച് അപഹാസ്യനായെന്നായിരുന്നു മറുവിഭാഗത്തിന്‍റെ ആക്ഷേപം. മുതിര്‍ന്ന നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി പുറത്താക്കിയവരാണ് അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തിന് എത്തിയത്. മറിച്ചുള്ള അവകാശവാദം തെറ്റാണെന്നും മറുവിഭാഗം വിശദീകരിച്ചു. 

സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഈയിടെയാണ് എ പി അബ്ദുള്‍ വഹാബ് പ്രസിഡന്‍റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. പകരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എ പി അബ്ദുള്‍ വഹാബ് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഐഎന്‍എല്‍ പിളര്‍പ്പിലെത്തിയത്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എ പി അബ്ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം. ഇതെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ ദേശീയ നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് ശക്തി തെളിയിക്കാന്‍ എ പി അബ്ദുള്‍ വഹാബ് യോഗം വിളിച്ചത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് ഐഎന്‍എല്ലിന് ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി പിളര്‍ന്നതോടെ ഇരു കൂട്ടരോടും ഇടതുമുന്നണി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണ്ണായകമാണ്.