ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം.

കൊച്ചി: ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ വിചിത്രവാദവുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം. ആ പെയിന്റ് മങ്ങിയതുകൊണ്ടാണ് സ്വർണ്ണം പൂശാൻ തന്നെ ഏൽപ്പിച്ചത്. തനിക്ക് കിട്ടിയത് സ്വർണ്ണപ്പാളി അല്ല പെയിന്റ് അടിച്ച ചെമ്പു പാളിയാണ്. പെയിന്റ് ആയതുകൊണ്ടാണ് നിറംമങ്ങുന്നത് എന്നാണ് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നതെന്നും പോറ്റി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. 

സന്നിധാനത്ത് നിന്ന് കിട്ടിയ അതേ ചെമ്പു പാളിയാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതെന്നും പോറ്റി വാദിക്കുന്നു. ചെമ്പു പാളിയിലെ പെയിന്റ് അടക്കം ക്ലീൻ ചെയ്താണ് അതിൽ സ്വർണം പൂശിയത്. ഈ ചെമ്പു പാളിയിൽ മുമ്പ് സ്വർണം ഉണ്ടായിരുന്നില്ല. താനും മറ്റു രണ്ടുപേരും ചേർന്നുനൽകിയ സ്വർണം ഉപയോഗിച്ചാണ് ശില്പങ്ങളിൽ സ്വർണം പൂശിയതെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.