കോഴിക്കോട്: കോഴിക്കോട് ഹെസ്സ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതമെന്ന് കസ്റ്റംസ്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കും. സ്വര്‍ണ്ണം പിടിച്ചെടുക്കല്‍ നടപടി തുടരുമെന്നും സ്വര്‍ണ്ണത്തിന്‍റെ ഉറവിടം അന്വേഷിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു. ഹെസ ജ്വല്ലറി ഉടമ ഷമീം വട്ടക്കിണർ സ്വദേശി സി.വി. ജിഫ്സൽ (39) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വർണ്ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ട്. 

ജിഫ്‍സല്‍ കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ്ണക്കടത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. നേരത്തെയും കോഴിക്കോട് ജില്ലയുടെ കൊടുവള്ളിയടക്കമുള്ള പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു. എന്നാല്‍ തിരുവനനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് വ്യക്തത നൽകിയിട്ടില്ല.