പല തവണ പഴയ സ്വർണം വച്ച് പുതിയത് വാങ്ങിയിട്ടുണ്ടെന്നും ആ അനുഭവത്തിലാണ് കൊടുത്തതെന്നും പരാതിക്കാരിലൊരാൾ പറഞ്ഞു.

കൊച്ചി: കൊച്ചിയിലെ ആതിര ജ്വല്ലറി ഉടമകൾ നിക്ഷേപ ചിട്ടി വഴി നടത്തിയത് 15 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്. 50ലധികം പരാതികൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരെ റിമാൻഡ് ചെയ്തു.

നിക്ഷേപ ചിട്ടി നടത്തി നിരവധി പേരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകൾക്കെതിരായ പരാതി. മൂന്ന് കേസുകളാണ് പ്രതികള്‍ക്കെതിരെ നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50ലധികം പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും. പണം തിരികെ ലഭിക്കാൻ നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്‍റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു.

"രണ്ട് പവൻ സ്വർണമാണ് ഞാൻ നിക്ഷേപിച്ചത്. 9 മാസം വെച്ചാൽ പണിക്കൂലി ഇല്ലാതെ പുതിയ സ്വർണം വാങ്ങാമെന്ന് പറഞ്ഞു. പല തവണ ഞാൻ പഴയത് വച്ച് പുതിയത് വാങ്ങിയിട്ടുണ്ട്. ആ അനുഭവത്തിലാ കൊടുത്തത്"- പരാതിക്കാരിലൊരാളായ സഫീറ പറഞ്ഞു. 

കഴിഞ്ഞ ദിവസം ആതിര ഗ്രൂപ്പിന്‍റെ കൊച്ചിയിലെ ജ്വല്ലറി പൊലീസ് ജപ്തി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണം പണയം വച്ചവരും ചിട്ടിയിൽ ചേര്‍ന്നവരും നിക്ഷേപം തിരികെ ലഭിക്കാന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ടെത്തി, പിന്നാലെ ഹോട്ടലിന് നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്

YouTube video player