മലയാളിയുടെ പ്രവാസ ജീവിതത്തിലിത് പ്രതിസന്ധി കാലം. മടങ്ങിയെത്തിയ പ്രവാസികളുടെ മുന്നിൽ ഇനിയെന്ത് ? അവര്‍ അനുഭവിച്ചതെന്ത്? നാട് അവര്‍ക്കായി കരുതിയിരിക്കുന്നത് എന്ത് ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു...  ''പ്രവാസശേഷം''

കൊച്ചി: പ്രവാസികളിൽ നിന്നുള്ള പണത്തിന്റെ വരവ് കുറയുന്നതോടെ സംസ്ഥാനത്തെ സ്വർണവിപണി കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ. ഉത്സവ-കല്യാണസീസണിൽ ലോക്ക്ഡൗൺ വന്നത് മൂലം 90 ശതമാനം കച്ചവടവും മുടങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ സ്വർണവില ഗ്രാമിന് നാലായിരം രൂപയ്ക്ക് മുകളിൽ തന്നെ തുടരുകയാണ്.

2017-18 സാമ്പത്തികവർഷം 2,11,784 കോടി രൂപയായിരുന്നു കേരളത്തിലേക്കുള്ള പ്രവാസി വരുമാനം. 2018-19 കാലത്ത് 2,42,535 കോടി രൂപയും. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും 2.60 ലക്ഷം കോടിയാണ് 19-20 സാമ്പത്തിക വർഷം ലക്ഷ്യമിട്ടത്. ഇക്കുറി കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇതു  പ്രധാനമായും ബാധിക്കുന്നത് സ്വർണവിപണിയെ തന്നെ. കൊവിഡിനെ തുടർന്ന് പൂർണമായോ ഭാഗികമായോ ജോലി നഷ്ടപ്പെട്ട പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറച്ചിട്ടുണ്ട്. പണലഭ്യത കുറഞ്ഞതോടെ സ്വർണത്തിൽ നിക്ഷേപം നടത്തിയിരുന്നവരും കയ്യിലുള്ള സ്വർണം ഇനി വിറ്റഴിച്ചേക്കാനാണ് സാധ്യത.