സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. കൊച്ചിയില്‍ ആറിടത്താണ് ഇന്നലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.  

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വർണ്ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ട് പോയവർ സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് ഉപയോഗിച്ചതായി കണ്ടെത്തല്‍. സ്വർണ്ണവുമായി നാട്ടിലെത്തിയ കൊയിലാണ്ടി സ്വദേശി അഷറഫിനെ ജൂലൈയില്‍ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിന്‍റെ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അഷറഫിനെ മോചിപ്പിക്കാനായി സ്വർണവും പണവും ആവശ്യപ്പെട്ട് വന്ന ഫോൺ കോളുകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. കോളുകളെല്ലാം തന്നെ വന്നത് സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ചിലൂടെ എന്ന് തുടരന്വേഷണത്തില്‍ വ്യക്തമായി. 

വടകര പൊലീസ് വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ക്രൈംബ്രാ‌ഞ്ചിന്‍റെ അന്വഷണം സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കും നീളുകയാണ്. എന്നാല്‍ ജില്ലയില്‍ വിവിധ ഇടങ്ങളിലായി എക്സ്ചേ‌ഞ്ചുകൾ നടത്തിയ കേസിലെ പ്രധാന പ്രതികളായ ഷബീർ, പ്രസാദ് എന്നിവരെ പിടികൂടാന്‍ ഇതുവരെ ക്രൈംബ്രാഞ്ചിനായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലും തൃശ്ശൂരിലും കണ്ടെത്തിയ സമാന്തര എക്സ്ചേ‍‍ഞ്ചുകൾ പരസ്പരം ബന്ധമുള്ളതാണെന്ന് ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ പിടിയിലായ കേസിലെ പ്രധാനപ്രതി മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ ഇപ്പോഴും കോഴിക്കോട് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.