തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
തിരുവനന്തപുരം: എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് (Swapna Suresh). ഞാന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കര്‍ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ്
ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും പോയത് അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും നിരവധി മറ്റ് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

വേദനിപ്പിച്ചത് ശിവശങ്കറിന്‍റെ എഴുത്ത്
തന്നെ ഏറ്റവും വേദനിപ്പിച്ചത് ശിവശങ്കറിന്‍റെ എഴുത്താണ്. ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
അപൂർണമായി പുസ്തകം എഴുതി ജനങ്ങളെ പറ്റിക്കരുതെന്ന് സ്വപ്ന
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം എഴുതിയിട്ടില്ല. സ്വപ്ന സുരേഷാണ് ചതി ചെയ്തത് എന്ന് വരുത്താനാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് എന്ത് കിട്ടാനാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് മാത്രം വലിയ പുസ്തകം എഴുതാനാകുമെന്നും പുസ്തകം എഴുതുമ്പോള്‍ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. വാട്സ്ആപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
പൂര്‍ണ അഭിമുഖം കാണാം:

