Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു

ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ രാവിലെ പത്തരയോടെ ഹാജരാകാനാണ് ശിവശങ്കറിന് നിർദ്ദേശം നൽകിയത്. പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും ഇദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടു

Gold smuggling case 45 lakh rupee found from Swpna suresh SBI FD account in trivandrum
Author
Thiruvananthapuram, First Published Jul 27, 2020, 7:35 AM IST

തിരുവനന്തപുരം: വിമാനത്താവള സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.

കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധനാ വിഷയമായി വരും. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവ ശങ്കർ മൊഴി നൽകിയിരുന്നു. ഇടക്കാലത്ത് താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്കറിൽ കോടികൾ സൂക്ഷിച്ചിരുന്ന സ്വപ്ന, എന്തിനാണ് ശിവ ശങ്കറിൽ നിന്ന് പണം കൈപ്പറ്റിയതെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ രാവിലെ പത്തരയോടെ ഹാജരാകാനാണ് ശിവശങ്കറിന് നിർദ്ദേശം നൽകിയത്. പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും ഇദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടു. കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും എൻഐഎ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങൾ അനവധിയാണ്. 

ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്. അന്വേഷണത്തിൽ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും, ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ സ‍ർക്കാറിനെയും പാർട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരിയും പറയുമ്പോഴും കാര്യങ്ങൾ അത്ര ലളിതമല്ല. 

ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും വൻ കുരുക്കിലാകും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മർദ്ദം അതിശക്തമാകും. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ സർക്കാറിനെ പിന്തുണക്കുമ്പോഴും അന്വേഷണ ഗതിയിൽ പാർട്ടിക്കും വലിയ ആശങ്കയുണ്ട്. വിവാദത്തിൽ ഭിന്ന നിലപാടുള്ള സിപിഐ കൂടുതൽ കടുപ്പിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചാൽ സർക്കാറിന് താൽക്കാലികമായി ആശ്വസിക്കാം. അപ്പോഴും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചോദിച്ചുള്ള എൻഐഎയുട അടുത്ത നടപടികളും സർക്കാറിന് പ്രധാനമാണ്.

Follow Us:
Download App:
  • android
  • ios