കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഒമ്പത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളം എസിജെഎം കോടതിയുടെ നടപടി. സ്വർണ്ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് സന്ദീപ് നായർ, കെ ടി റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. 

സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. ർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യവും അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. 

60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലംഭിച്ചെങ്കിലും എൻഐഎ  ചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് ഇപ്പോള്‍ പുറത്തിറങ്ങാൻ കഴിയില്ല.