കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയുടേതാണ് നടപടി. സരിത്തിനെ കൂടി കസ്റ്റഡിയിൽ ലഭിച്ചതോടെ എൻഐഎ മുഖ്യപ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. നിലവിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികളാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. കളളക്കടത്തിന്‍റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് പങ്കുണ്ടോയെന്നും ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കും. 

അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക തെളിവുകൾ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് ലഭിച്ചതായുളള വിവരം പുറത്ത് വരുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരനുമായ സരിത്തിന്റെ സുഹൃത്ത് അഖിലിൽ നിന്നാണ് തെളിവുകൾ കണ്ടെടുത്തത്. ഇയാളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമ്മിച്ച മെഷീൽ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി.  അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. 

നയതന്ത്ര പാഴ്സലിൽ 25 കിലോ സ്വർണ്ണം ഉണ്ടായിരുന്നതായി പ്രതിയായ സരിത്ത് കസ്റ്റംസ് ബാഗ് തുറക്കും മുമ്പ് അഭിഭാഷകനോട് സമ്മതിച്ചിരുന്നുവെന്ന് സരിത്തിൻറെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് ദിവസം വെളിപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്തിൽ യുഎഇ അറ്റാഷെ കുടുക്കുമെന്ന് സരിത്ത് തന്നോട് പറഞ്ഞതായും അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്.