തിരുവനന്തപുരം വിമാനതാവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഇന്ന് സരിത്തിനെ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന സരിത്ത് നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററിലാണുള്ളത്. 

അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇ-ഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ. ഇത് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഈ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ നാളത്തെ പരിഗണനാ പട്ടികയില്‍ ഇല്ല, രാത്രി വൈകി സമര്‍പ്പിച്ചതിനാലാണ് ഉള്‍പ്പെടാത്തത്.

യുഎഇ കോണ്‍സുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. അനുമതിക്കായി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിരിക്കുന്നത്, തിരുവനന്തപുരത്തെ കാര്‍ വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ക്ക് കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്റെ ഭാര്യയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം, ഇവര്‍ക്ക് കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചു

കളളക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് ഒളിവില്‍പ്പോയി നാലു ദിവസം പിന്നിടുമ്പോഴാണ് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കസ്റ്റംസ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇവിടുത്തെ ചില പ്രധാനികളുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് അസാധ്യമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ അറ്റാഷെ അടക്കമുളളവരുടെ മൊഴിയെടുത്താലെ കേസ് മുന്നോട്ടുപോകൂ.

ഇവര്‍ക്ക് നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ തേടുന്നത്. എന്നാല്‍ കോണ്‍സുലേറ്റില്‍ ജീവനക്കാരന്‍ പോലുമല്ലാത്തെ സരിത്തിനെ നയതന്ത്ര ബാഗ് കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയ കോണ്‍സലേറ്റ് അധികൃതരുടെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സ്വപ്നക്ക് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തത്. കസ്റ്റംസിന് പുറമെ ഐബി , റോ എന്നിവയും ചോദ്യം ചെയ്തു. സൗമ്യക്ക് പങ്കില്ലെന്ന് കണ്ടതിനെതുടര്‍ന്ന് വൈകിട്ട് 5 മണിയോടെ വിട്ടയച്ചു. അതേ സമയം , തനിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ബിജെപി അദ്ധ്യക്ഷന് കെ സുരേന്ദ്രന്റെ ആരോപണത്തോടെ പ്രതികരിക്കാന്‍ കസ്റ്റംസ് ജോ.കമീഷണര്‍ തയ്യാറായില്ല

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് വിവരശേഖരണമെന്നാണ് സൂചന. ഇവര്‍ നല്‍കുന്ന റിപ്പോ!ര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.