തിരുവനന്തപുരം: എന്‍ഐഎ പിടികൂടിയ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച. തിരുവനന്തപുരം കണ്ണേറ്റ്മുക്കില്‍ ഒന്‍പത് സെന്‍റ് സ്ഥലത്ത് വന്‍ ആഡംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വപ്‍ന തുടക്കമിട്ടിരുന്നത്.

ഫെബ്രുവരിയിൽ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോർപ്പറേഷന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ജോലികള്‍ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കര്‍ അടക്കമുള്ള ഉന്നതരായ ആളുകള്‍ എത്തിയിരുന്നതായും സമീപത്തെ ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടന്നതായും സമീപവാസികള്‍ പറയുന്നു. ആഡംബര വസതിയുടെ നിര്‍മ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആള്‍ക്കാണ് നല്‍കിയിരുന്നത്. 

അതേസമയം സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറിലെന്ന വിവരം പുറത്തുവന്നു. രണ്ടുദിവസം മുമ്പാണ് ഇവര്‍  ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. 

പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. സ്വപ്‍നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്രാ നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.