Asianet News MalayalamAsianet News Malayalam

Swapna Suresh| 'മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല'; എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്

അമ്മയ്ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

gold smuggling case accused swapna suresh  reaction
Author
Kochi, First Published Nov 9, 2021, 4:20 PM IST

കൊച്ചി: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകും. അമ്മയ്ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്.

ഉയരും നിർണായകചോദ്യങ്ങൾ

മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ കേന്ദ്ര ഏജൻസികൾ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. ആ വാദത്തിൽ സ്വപ്ന ഉറച്ച് നിൽക്കുന്നോ? സ്വപ്നയെ കുടുക്കിയതാര്? ആരാണ് സ്വപ്നയുടെ 'ബോസ്'? നയതന്ത്രബാഗേജ് വഴി എട്ട് തവണയോളം സ്വർണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും സ്വപ്നയെ സഹായിച്ചതും ആര്? അറ്റാഷെ അടക്കമുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്കെന്ത്? സരിത്തും മറ്റ് കൂട്ടുപ്രതികളുമല്ലാതെ ഈ കേസിൽ കാണാമറയത്ത് ആരെങ്കിലുമുണ്ടോ? സ്വപ്നയെ കുടുക്കിയതെങ്കിൽ ആരായിരുന്നു പിന്നിൽ? സംസ്ഥാനസർക്കാരിന് കീഴിൽ ഐടി വകുപ്പിലെ ഉന്നതപദ്ധതികളിലൊന്നിൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെങ്ങനെ? ആരാണ് ഈ നിയമനത്തിന് പിന്നിൽ? വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയ്ക്ക് മുന്നിൽ ഉന്നതനിയമനങ്ങൾക്ക് വഴികൾ തുറന്നിട്ടതാര്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധമെന്ത്, അതുപയോഗിച്ച് എന്തെല്ലാം അധികാരദുർവിനിയോഗങ്ങൾ സ്വപ്ന നടത്തി? ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങുന്നതടക്കമുള്ള അഴിമതികളിലേക്ക് എത്തിയതെങ്ങനെ? കേന്ദ്ര ഏജൻസികൾ ഇതിൽ സംസ്ഥാനസർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പറയാൻ സ്വപ്നയ്ക്ക് മേൽ എങ്ങനെയാണ് സമ്മർദ്ദം ചെലുത്തിയത്? ഇപ്പോൾ കേന്ദ്രഏജൻസികൾ ഹാജരാക്കിയ കുറ്റപത്രങ്ങളിലെ പല വകുപ്പുകളും, യുഎപിഎ അടക്കം നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചതിനെക്കുറിച്ച് സ്വപ്നയ്ക്ക് പറയാനുള്ളതെന്ത്? - അങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാനുണ്ട് സ്വപ്നയ്ക്ക്. 

പലതും തുറന്ന് പറയാനുണ്ടെന്ന് സ്വപ്നയുടെ അമ്മ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തേക്ക് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എല്ലാറ്റിനോടും പിന്നീട് പ്രതികരിക്കുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. 

Swapna Suresh | ആരാണ് സ്വപ്നയുടെ 'ബോസ്'? നിർണായക വെളിപ്പെടുത്തൽ കാത്ത് രാഷ്ട്രീയ കേരളം

കേസിന്റെ നാൾ വഴി ഒറ്റനോട്ടത്തിൽ

2020  ജൂൺ 30: നയതന്ത്ര ബാഗിലൂടെ മുപ്പതു കിലോ ഗ്രാം സ്വർണം ദുബായിൽനിന്നെത്തി

2020 ജൂലൈ 05: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിച്ച് സ്വർണം പുറത്തെടുത്തു. കസ്റ്റംസ് കേസെടുത്തു. സരിത് കസ്റ്റഡിയിൽ

2020 ജൂലൈ 10: യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു

2020 ജൂലൈ 11: സ്വപ്ന സുരേഷ് ബെംഗലൂരിവിൽനിന്ന് അറസ്റ്റിലായി. സന്ദീപ് നായരും ഒപ്പം പിടിയിലായി

2020 ഒക്ടോബ‍‍ർ 7: സ്വപ്ന അടക്കമുളള മൂന്നു പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് പ്രാഥമിക റിപ്പോർട്ട് നൽകി

2020 ഡിസംബർ 24: സ്വപ്നയടക്കമുളളവ‍ക്കെതിരെ ഇഡി കുറ്റപത്രം

2021 ജനുവരി 05: സ്വപ്നയടക്കമുളളവരെ പ്രതികളാക്കി എൻ ഐ എ കുറ്റപത്രം

2021 നവംബ‍ർ 02: എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം

Follow Us:
Download App:
  • android
  • ios