തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. വകുപ്പുതല നടപടി ഇന്ന് തന്നെ  ഉണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാണ് ചീഫ് സെക്രട്ടറിക്ക് കിട്ടിയ നിര്‍ദ്ദേശം. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതൽ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. അതിൻമേലാണ് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്. 

വലിയ വീഴ്ചകൾ എം ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന വിലയിരുത്തലാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ എന്നാണ് വിവരം. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും. കേസും കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും എം ശിവശങ്കറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. സിപിഎം നേതാക്കൾക്കിടയിലും വലിയ അതൃപ്തിയാണ് ഇക്കാര്യത്തിൽ നിലവിലുള്ളത് സിപിഐ ആണെങ്കിൽ നേരത്തെ തന്നെ ശിവശങ്കറിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. 

മുഖ്യമന്ത്രി സിപിഎം നേതാക്കുമായി സാചര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്തു. മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന തസ്തികകളിൽ നിന്ന് എം ശിവശങ്കറിനെ മാറ്റി നിര്‍ത്തിയെങ്കിലും വകുപ്പ് തല നടപടി തന്നെ വേണമെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത് എന്നത് വ്യക്തമായി പുറത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കര്‍ . അതുകൊണ്ട് തന്നെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടൻ നടപടിയിലേക്ക് നീങ്ങാനാണ് ഇപ്പോൾ തീരുമാനം. 

ആദ്യഘട്ടത്തിൽ സ്വപ്നയുടെ നിയമനം മാനദണ്ഡങ്ങൾ അടക്കമുള്ള കാര്യങ്ങളായിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇവരുമായുള്ള ബന്ധം നിഷേധിക്കാനാകാത്ത വിധം പുറത്ത് വരുന്നത്.