Asianet News MalayalamAsianet News Malayalam

ലൈഫ് പദ്ധതിയിലെ ആദ്യഗഡു തന്നെ കൈക്കൂലി, ഡോളറാക്കി സ്വപ്ന വിദേശത്തേക്ക് കടത്തി

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ഉറപ്പിക്കാൻ ആവശ്യപ്പെട്ടത് സ്വപ്നയും യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദും യൂണിടെക്കിനോട് ആവശ്യപ്പെട്ടത് 20 ശതമാനം കമ്മീഷൻ. ഇത് ഉറപ്പാക്കിയാണ് കരാർ ഉറപ്പിച്ചത്.

gold smuggling case and life mission controversy swapna sent the commission to abroad
Author
Thiruvananthapuram, First Published Aug 22, 2020, 6:47 AM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ നിർമ്മാണത്തിനായി റെഡ് ക്രസന്‍റ് യൂണിടാക്കിന് നൽകിയ ആദ്യ ഗഡു തന്നെ കൈക്കൂലിയായി മറിച്ചു നൽകിയെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ. യൂണിടെക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയ പണം ഡോളറായി സ്വപ്ന വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടത്തത്.

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ഉറപ്പിക്കാൻ സ്വപ്നയും യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദും യൂണിടെക്കിനോട് ആവശ്യപ്പെട്ടത് 20 ശതമാനം കമ്മീഷൻ. ഇത് നൽകാമെന്ന് യൂണിടെക് സമ്മതിച്ച ശേഷമാണ് കരാർ ഉറപ്പിച്ചത്. മുൻകൂറായി നൽകാൻ പണമില്ലെന്ന് യൂണിടെക് പ്രതിനിധികൾ അറിയിച്ചപ്പോള്‍ സ്വപ്ന തന്നെയാണ് പുതിയ നിർദ്ദേശം വെച്ചത്. 

നിർമ്മാണത്തിനായി റെഡ് ക്രസന്‍റ് യൂണിടാകിന് നൽകുന്ന ആദ്യ ഗഡു തന്നെ കമ്മീഷനായി നൽകണം എന്നായിരുന്നു നിർദ്ദേശം. ഇത് പ്രകാരം കരമന ആക്സിസ് ബാങ്കിലെ യൂണിടാക്കിന്‍റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിൻവലിച്ച് ഖാലിദിന് നൽകിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴി. കൈക്കൂലി പണം സ്വപ്നയും സരിത്തും ചേർന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി മാറ്റി. ഇതിന് കരമന ആക്സിസ് ബാങ്ക് മാനേജർ ശേഷാദ്രിയുടെ സഹായം ലഭിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി. 

പണം വിദേശ കറൻസികളാക്കി മാറ്റാൻ സഹായിച്ചില്ലെങ്കിൽ അക്കൗണ്ട് പിൻവലിക്കുമെന്നും ഹൈദരാബാദിൽ തുടങ്ങുന്ന കോണ്‍സുലേറ്റിന്‍റെ ഇടപാടുകള്‍ ബാങ്കിന് നൽകിയില്ലെന്നും സ്വപ്ന ഭീഷണിപ്പെടുത്തിതായി ശേഷാദ്രി അന്വേഷണ ഏജൻസികളോട് പറഞ്ഞു. ആക്സിസ് ബാങ്കിലെ ഒരു മുൻ ജീവനക്കാരൻ മുഖേന കണ്ണൂമ്മൂലയിൽ നടത്തിയിരുന്ന മൗറീസ് എന്ന സ്ഥാപനം മുഖേന കുറച്ച് പണം സ്വപ്ന വിദേശ കറൻസിയാക്കി മാറ്റിയെന്നാണ് കസ്റ്റംസിന്‍റെയും എൻഫോഴ്സ്മെന്‍റിന്‍റെയും കണ്ടെത്തൽ. കോണ്‍സുലേറ്റിന് സമീപം മണി എക്സേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീണ്‍, മറ്റൊരു ഇടനിലക്കാരൻ അഖിൽ എന്നിവര്‍ വഴിയും പണം മാറി. 

എല്ലാവരെയും അന്വേഷണ ഏജൻസികള്‍ വിശദമായി ചോദ്യം ചെയ്തു. ഡോളറാക്കി മാറ്റിയ പണം നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗിലൂടെയെും വിദേശ യാത്രാവേളയിലും സ്വപ്ന കടത്തിയെന്നാണ് മൊഴികളിൽ നിന്നും സാഹചര്യ തെളിവുകളിൽ നിന്നും എൻഫോഴ്സ്മെൻറിന് വ്യക്തമാകുന്നത്. അതിനിടെ യുഎഇ കോൺസുലേറ്റിലെ നിരവധി ഉദ്യോഗസ്ഥർ തട്ടിപ്പിൽ ഉൾപ്പെട്ടത് അതീവഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. മുൻ അറ്റാഷെ റഷീദ് അൽഷെമയിലിയും കോഴ വാങ്ങിയ ഫിനാൻസ് മാനേജർ ഖാലിദും നാടുവിട്ടു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള സാദ് അയദി ഹിസാം അൽക്വിത്താമിക്ക് കഴിഞ്ഞ ദിവസം അറ്റാഷെയുടെ ചുമതല നൽകിയിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios