Asianet News MalayalamAsianet News Malayalam

'സ്വർണക്കടത്തിൽ അറ്റാഷെയ്ക്കും പങ്ക്', കസ്റ്റംസിനോടും മൊഴി ആവർത്തിച്ച് സന്ദീപ് നായർ

കൊച്ചി എൻഐഎ ഓഫീസിൽ വച്ച് സ്വപ്നയെയും സന്ദീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യുന്ന സംഘത്തിൽ ഒരു ഡിആർഐ ഉദ്യോഗസ്ഥനുമുണ്ടെന്നാണ് വിവരം. കോടതി അനുമതി നൽകിയതിനെത്തുടർന്ന് എൻഐഎ കസ്റ്റഡിയിൽ വച്ച് കസ്റ്റംസ് ഇന്നലെ രാത്രിയും സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. 

gold smuggling case attache helped to smuggle gold to kerala says sandeep nair to customs
Author
Kochi, First Published Jul 24, 2020, 11:04 AM IST

കൊച്ചി: സ്വർണക്കടത്തിൽ അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിനും മൊഴി നൽകിയതായി സൂചന. നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് സന്ദീപ് നായരും സ്വപ്ന സുരേഷുമുള്ളത്. ഇവരെ രണ്ട് പേരെയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കസ്റ്റംസ് സംഘം കൊച്ചി എൻഐഎ ഓഫീസിൽ വച്ച് ചോദ്യം ചെയ്തു. ഇന്നലെ രാത്രി സന്ദീപിനെയും ഇന്ന് രാവിലെ സ്വപ്ന സുരേഷിനെയുമാണ് ചോദ്യം ചെയ്തത്. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതെല്ലാം ഘട്ടത്തിൽ എന്തെല്ലാം സഹായം നൽകി എന്നതും ഏതെല്ലാം രേഖകൾ നൽകി എന്നതുമാണ് സന്ദീപ് കസ്റ്റംസിനോടും വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തേ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴും അറ്റാഷെയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സന്ദീപ് ചോദിച്ചിരുന്നു. അറ്റാഷെയുടെ അനുമതിയോടെയാണ് പല കാര്യങ്ങളും നടന്നത്. ആ സ്വാധീനമില്ലാതെ പല നടപടികളും വിമാനത്താവളത്തിലടക്കം നടക്കില്ല. അതിനാൽ അറ്റാഷെയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് സന്ദീപ് നായർ കോടതിയിൽ ചോദിച്ചത്.  
 
സ്വർണക്കടത്ത് പിടിച്ച അതേ ദിവസം, അതായത് ജൂലൈ 5-ന് തന്നെ സരിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ പിന്നീട് ബംഗളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. അതിനാൽ കസ്റ്റംസിന് ഇവരെ ചോദ്യം ചെയ്യാനായിരുന്നില്ല. അതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് അനുമതി കിട്ടിയതിന് പിന്നാലെയാണ് കസ്റ്റംസ് സംഘമെത്തി സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തത്. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ തിരുവനന്തപുരത്ത് വച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പൊലീസ് ക്ലബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു. ഇതിന് ശേഷം കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഐഎ ശിവശങ്കറിന് നോട്ടീസും നൽകിയിട്ടുണ്ട്. 

ഒപ്പം, ഇന്ന് സ്വപ്നയുടെയും സന്ദീപിന്‍റെയും പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുകയാണ്. സ്വപ്ന സുരേഷും സന്ദീപ് നായരും കൊച്ചി എൻഐഎ കോടതിയിൽ ജാമ്യഹർജി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലെ തെളിവുകൾ മാത്രമാണ് നിലവിലുള്ളതെന്നും, യുഎപിഎ ചുമത്തി ജയിലിലിടാൻ മാത്രം തെളിവുകളില്ല എന്നുമാണ് ഇരുവരുടെയും ജാമ്യഹർജിയിലെ വാദം. 

എന്നാൽ ഇതിനെ എൻഐഎ, കസ്റ്റംസ്, ഒപ്പം എൻഫോഴ്സ്മെന്‍റ് എന്നീ മൂന്ന് കേന്ദ്രഏജൻസികളും എതിർക്കാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios