ഇതിനിടെ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. സ്പീക്കർ മൂന്ന് മാസത്തിന് മുമ്പ് ഉദ്ഘാടനം ചെയ്ത കടയുടമ ഇപ്പോൾ ഒളിവിൽ പോയത് ദുരൂഹത കൂട്ടുകയാണ്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കർ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമ സന്ദീപ് നായർ ഒളിവിൽ. കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. 

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമപത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാവുകയാണ്. പോലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

ഇതിനിടെ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിൽ രാത്രി വൈകി പൊലീസ് പരിശോധന നടത്തി. സ്വപ്ന എത്തിയെന്ന പ്രചാരണത്തെത്തുടർന്ന് തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. 

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തു. 

സ്വപ്ന സുരേഷ് അപരിചിതയായിരുന്നില്ല എന്നാണ് സ്പീക്കർ എം ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരത്തുള്ള കാർബൺ ഡോക്ടർ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്വപ്ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. അവരെ തനിക്ക് പരിചയം യുഎഇ കോൺസുലേറ്റിന്‍റെ പ്രതിനിധിയെന്ന നിലയിലാണ്. യുഎഇ കോൺസുലേറ്റിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താർ വിരുന്നിനും ക്ഷണിച്ചിരുന്നത്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയെന്ന നിലയിൽ ആ ബഹുമാനം അവ‍‍ർക്ക് നൽകിയിരുന്നു. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാൽ പശ്ചാത്തലം അന്വേഷിച്ചതുമില്ല. തന്‍റെ മണ്ഡലത്തിലെ പ്രവാസികളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ഡബിൾ വെരിഫിക്കേഷൻ സംബന്ധിച്ചുള്ള പല പ്രശ്നങ്ങൾക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയിൽ അവരെ വിളിച്ചിരുന്നുവെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. കേസിൽ എല്ലാ തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. താനും സ്വപ്നയും കൂടി നിൽക്കുന്ന ദൃശ്യങ്ങളിൽ ദുരൂഹത തോന്നുന്നത് കറയുള്ള കണ്ണുകൾ കൊണ്ട് നോക്കുന്നത് കൊണ്ടാണെന്നുമാണ് സ്പീക്കറുടെ വിശദീകരണം. 

''മൂന്ന് മാസം മുമ്പാണ് കാർബൺ ഡോക്ടർ എന്ന തിരുവനന്തപുരത്തെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനം ഞാൻ ഉദ്ഘാടനം ചെയ്യുന്നത്. അത് ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് എന്നെ ക്ഷണിച്ചത് സ്വപ്ന സുരേഷാണ്. കാർബൺ വളരെ കുറച്ച് പുറത്തുവിടുന്ന പുതിയ തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ സ്റ്റാർട്ടപ്പാണെന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത്. രാവിലെ പത്ത് മണിക്കാണ് ചടങ്ങ് എന്നാണ് പറഞ്ഞത്. വളരെ നിർബന്ധിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. എന്നാൽ എനിക്ക് പോകാൻ പറ്റിയില്ല. പക്ഷേ ഉച്ചയ്ക്ക് ഒരു മണിയോടെ അവർ വിളിച്ച് ഈ ചെറുപ്പക്കാരന്‍റെ അമ്മ വിളക്ക് കൊളുത്താതെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. അതുകൊണ്ട് പോയി. പത്ത് പേർ പരമാവധി ആ ചടങ്ങിന് ഉണ്ടായിക്കാണും. അതിൽക്കൂടുതൽ ഇല്ല. ഇതിന്‍റെ അർത്ഥം ഞാൻ ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തു എന്നാണോ? അവരുടെ പശ്ചാത്തലവും സ്വർണക്കടത്തുമൊക്കെ പുതിയ അറിവാണ്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധി ആയതുകൊണ്ട് തന്നെ അവരെക്കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ല. യുഎഇ കോൺസുലേറ്റിന്‍റെ പല പ്രധാനചടങ്ങുകൾക്കും ക്ഷണിച്ചിരുന്നതിനാൽ അവരെ സംശയിച്ചിട്ടുമില്ല'', ശ്രീരാമകൃഷ്ണൻ പറയുന്നു.

ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും, ലോകകേരളസഭയിൽ ആരെല്ലാം പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെന്നും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും ചടങ്ങിൽ ലോകകേരളസഭയുമായി ബന്ധപ്പെട്ട് അവർ പങ്കെടുത്തിരിക്കാമെന്നും സ്പീക്കർ വ്യക്തമാക്കുന്നു. ഐടി വകുപ്പിൽ അവർക്ക് ജോലി കിട്ടിയതോ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി കൊടുത്തതോ ആയി ബന്ധപ്പെട്ട് ഒന്നും തനിക്ക് അറിയില്ലെന്നും സ്പീക്കർ പറഞ്ഞു.