കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം മടങ്ങി. കേസ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പതിനൊന്ന് മണിയോടെ കസ്റ്റംസ് ഓഫിസിലെത്തിയ സിബിഐ സംഘം 12:30 ഓടെയാണ് മടങ്ങിയത്. 

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കഴിഞ്ഞ ദിവസം എൻഐഎയും കേസിൽ വിവരശേഖരണം നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സിബിഐയും വിവരങ്ങൾ ശേഖരിക്കുന്നത്. സാധാരണഗതിയിൽ സിബിഐക്ക് ഇടപെടണമെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടാവുന്ന സാഹചര്യം വേണം, ഈ കേസിലും സമാന തലത്തിൽ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന. 

സിബിഐ അന്വേഷണം വേണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടോ എന്ന് വിലയിരുത്താൻ കൂടിയാണ് ഈ സന്ദ‌ർശനം. 

സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങിയിരിക്കുകയാണ്. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്‍റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.