തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി എകെ ബാലൻ. അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്താൻ ശ്രമിക്കരുത്. മടിയിൽ കനമില്ലാത്തത് കൊണ്ട് പേടിയില്ല. ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ടെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

60 ന് മുകളിൽ പ്രായമുള്ള 72 പേരാണ് കേരള നിയമസഭയിൽ ഉള്ളത്. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് രോഗം പടരുന്ന സാഹചര്യം ഉണ്ടാകും. പ്രതിപക്ഷത്തോട് കൂടി സംസാരിച്ച ശേഷമാണ് നിയമസഭാ സമ്മേളനം മാറ്റിയത്. പിന്നീടത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചത് ശരിയായില്ലെന്നും എകെ ബാലൻ പറഞ്ഞു. പ്രതിപക്ഷത്തെ പേടിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിയത് എന്നൊക്കെ പറയുന്നത് കടുംകൈ ആണ്. അവിശ്വാസം നേരിടാനുള്ള ആയുധമെല്ലാം സർക്കാനിന്‍റെ കയ്യിലും ഉണ്ടെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.