അറ്റാഷയുടെ പേരിലാണ് സ്വർണ്ണം ഉൾപ്പെട്ട ബാഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്‍റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. 

Add Asianetnews as a Preferred SourcegooglePreferred

അറ്റാഷയുടെ പേരിലാണ് സ്വർണ്ണം ഉൾപ്പെട്ട ബാഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അറ്റാഷെയുടെ മൊഴി എടുക്കുന്നത്

കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് ഗുരുതര പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും, പ്രതി സരിത് ഡിപ്ലോമാറ്റിക് ബാഗ് കൈപറ്റിയത് നിയമപരമല്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. കോൺസുലേറ്റിലെ പ്രത്യേകം ചുമതലപ്പെടുത്തിയ ജീവനക്കാരൻ ബാഗ് കൈപ്പറ്റണമെന്നാണ് ചട്ടം. തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്കായി സരിത്തിനെ ചുമതലപ്പെടുത്തിയെന്ന അറ്റാഷേയുടെ വാദം നിയമപരമല്ല. 

കസ്റ്റംസ് ക്ലിയറൻസിലും പ്രോട്ടോ കോൾ ലംഘനമുണ്ടായിട്ടുണ്ട്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോകോൾ ഹാൻഡ് ബുക്ക് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു.

സരിത്തിൻ്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക്, പിടിയിലാകും മുമ്പ് സിരത് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്താണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപെട്ട മുഴുവൻ വിവരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇത് കണ്ടെടുക്കാനാണ് കസ്റ്റംസ് ഇപ്പോൾ കസ്റ്റംസ് ശ്രമം.

സ്വർണ കള്ളകടത്ത് കേസ്: ഒരു സ്ത്രീ കസ്റ്റംസ് കസ്റ്റഡിയില്‍

 സ്വർണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം, വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്.

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകൾ ഉള്ള കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പിൽ സ്വപ്നക്കും സരിത്തിനും പങ്കാളിത്വമുണ്ടെന്നാണ് കസ്റ്റംസിന്‍റെ സംശയം. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിൻ്റെ സാമ്പത്തിക വളർച്ചയിൽ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്‍റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.