Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് കേസിൽ കുറ്റപത്രവുമായി കസ്റ്റംസും, എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യില്ല

എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികള്‍ക്ക് നികുതിയും പിഴയും നല്‍കി വിചാരണയില്‍ നിന്ന് ഒഴിവാകാം എന്നാണ് സൂചന. 

gold smuggling case Customs move to chargesheet
Author
Kochi, First Published Jan 19, 2021, 9:08 AM IST

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസും കുറ്റപത്രത്തിലേക്ക് കടക്കുന്നു. ആദ്യ പടിയായി, കമീഷണര്‍ അടുത്ത മാസം ആദ്യം തന്നെ പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കും. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് പ്രതികള്‍ക്ക് ഷോകോസ് നല്‍കണമെന്നാണ് കസ്റ്റംസ് ചട്ടം. ഇതിന് മറുപടി ലഭിച്ച ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസിന്‍റെ നീക്കം. എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികളെ നികുതിയും പിഴയും നല്‍കി വിചാരണയില്‍ നിന്ന് ഒഴിവാകുമെന്നാണ് സൂചന.

കഴിഞ്ഞ ജൂലൈ 5 നാണ് നയതന്ത്ര ബഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. കേസില്‍ 26 പേരെയാണ് കസ്റ്റംസ് ഇത് വരെ പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. വിദേശത്തുള്ളവരൊഴികെ എല്ലാവരും പിടിയിലായി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങുന്നത്. എന്‍ഐഎയെയും ഇഡിയെയും പോലെ  കസ്റ്റംസിന് നേരിട്ട് കുറ്റുപത്രം നല്‍കാനാവില്ല. കസ്റ്റംസ് ചട്ട പ്രകാരം കസ്റ്റംസ് കമീഷണര്‍ പ്രതികള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം.

ഒരോ പ്രതിയുടെയും കുറ്റങ്ങള്‍ വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെടുകയാണ് ഷോക്കാസ് നോട്ടീസിലൂടെ ചെയ്യുന്നത്. കമീഷണര്‍ക്ക് മുന്നില് നേരിട്ടോ അതല്ലെങ്കില്‍ അഭിഭാഷകന് വഴിയോ മറുപടി നല്‍കാം. തുടര്‍ന്ന് ഏതെല്ലാം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്ന് കമീഷണര്‍ ഉത്തരവിറക്കും. കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച് ചില പ്രതികള്‍ നികുതിയും പിഴയും മാത്രം അടച്ചാല്‍ മതിയെന്ന് കമീഷണര്‍ക്ക് തീരുമാനിക്കാം. ഈ നടപടികല്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാകും. ഇതിന് ശേഷം മാര്‍ച്ചില്‍ കുറ്റപത്രം നല്‍കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

കേസില്‍ ഫൈസല്‍ ഫരീദ്, കുഞ്ഞാനി ഉള്‍പ്പെടെ വിദേശത്തുള്ള ചില പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം, കസ്റ്റംസ് തന്നെ അന്വേഷിക്കുന്ന ഡോളര്‍ കടത്ത് കേസില്‍  അന്വേഷണം തുടരും. കേസില്‍ താമസിയാതെ നിര്‍ണായക നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിന് ശേഷം ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കസ്റ്റംസ് കടക്കും. ഡോളര്‍ കേസില്‍ അടുത്ത് തന്നെ എം ശിവശങ്കറെയും പ്രതി ചേര്‍ക്കും.

Follow Us:
Download App:
  • android
  • ios