കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കൊണ്ടുള്ള റിപ്പോർട്ട്‌ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. ഇരുവരെയും ഇന്ത്യയിൽ എത്തിക്കാൻ ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ആണ് അപേക്ഷ നൽകിയത്. വാറണ്ട് നാളെ പുറപ്പെടുവിച്ചേക്കും. 

സ്വപ്ന സുരേഷ്,  സന്ദീപ് നായർ എന്നിവരെ  കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ  അപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ പരിഗണിക്കും. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ  സമീപിച്ചിട്ടുണ്ട്  ഇത് കൂടി പരിഗണിച്ച ശേഷം ആയിരിക്കും കസ്റ്റഡിയിൽ വിടുന്ന കാര്യം തീരുമാനിക്കുക .

റമീസിന്റെ അറസ്റ്റ് ആലുവ സബ്ജെയിലിൽ പോയി രേഖപ്പെടുത്താൻ എൻഐഎയ്ക്ക് സാമ്പത്തിക കുറ്റകൃത്യ കോടതി അനുമതി നൽകി. കേസിൽ അഞ്ചാം പ്രതിയായിട്ടാണ് എൻഐഎ ഇയാളെ ചേർത്തരിക്കുന്നത്. കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ച റമീസിനെ അടുത്ത മാസം പത്തു വരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ പത്ത് പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള കസ്റ്റംസിൻ്റെ അപേക്ഷയും കോടതി നാളെ പരിഗണിക്കും.