കൊച്ചി/ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകയെന്ന് വിശ്വസിക്കപ്പെടുന്ന സ്വപ്ന സുരേഷുമായി എം ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്‍റെ മൊഴിയെടുക്കും എന്നും ഉറപ്പായതായി കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം എം ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകളെല്ലാം കസ്റ്റംസ് പരിശോധിക്കും. എന്നാൽ സ്വർണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന് കസ്റ്റംസ് നിലവിൽ കരുതുന്നില്ല. 

അന്വേഷണത്തിന്‍റെ രണ്ടാംഘട്ടത്തിലാകും ശിവശങ്കറിന്‍റെ മൊഴിയെടുക്കുക. സ്വപ്ന സുരേഷുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ അത്തരത്തിൽ എന്തെങ്കിലും സ്വാധീനം ശിവശങ്കറുമായി ബന്ധപ്പെട്ട് സ്വപ്ന ഉപയോഗിച്ചോ എന്നും അന്വേഷണവിധേയമാണ്. 

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വർണം ഇടനിലക്കാരിലൂടെയാണ് മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിന് സർക്കാ‍ർ വാഹനങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന സംശയം കസ്റ്റംസിനുണ്ട്. അതിനാലാണ് സ്വപ്ന സുരേഷിനും ഈ കേസിലെ പ്രതികൾക്കും ഉള്ള സർക്കാർ ബന്ധങ്ങളെല്ലാം കസ്റ്റംസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമമായ ഒരു നിഗമനത്തിലേക്ക് കസ്റ്റംസ് ഇപ്പോഴെത്തിയിട്ടുമില്ല.

ഐടിയുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിന്‍റെ ഭാഗമായിട്ടാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സർക്കാർ വാഹനങ്ങളിൽ സ്വപ്ന യാത്ര ചെയ്തിട്ടുമുണ്ട്. സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ഒരുമിച്ച് ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിന്‍റെ മൊഴിയെടുക്കുക. എന്നാൽ സ്വർണക്കടത്തിൽ സഹായം നൽകാൻ ശിവശങ്കർ ശ്രമിച്ചുവെന്ന ഒരുവിവരവും കസ്റ്റംസിന്‍റെ പക്കലില്ല, അത്തരം സംശയങ്ങളും കസ്റ്റംസ് ഇപ്പോഴുന്നയിക്കുന്നുമില്ല.

ഒരു വർഷത്തെ അവധിയിൽ പോകാനുള്ള അപേക്ഷ നൽകിയത് അംഗീകരിക്കപ്പെട്ടതോടെ, ഔദ്യോഗികചുമതലകളിൽ നിന്നെല്ലാം മാറി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരിക്കുകയാണ് എം ശിവശങ്കർ ഐഎഎസ്.

Read more at: കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ശേഷവും വിമാനത്താവളത്തില്‍ സരിത്തിന്റെ സ്വൈരവിഹാരം