തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ആശുപത്രിയില്‍ എത്തി ചോദ്യംചെയ്തു. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച സംഘം ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജയഘോഷിന്‍റെ  ആത്മഹത്യാശ്രമം നാടകമെന്ന അനുമാനത്തിലാണ് കസ്റ്റംസ്. 

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷുമായും,സരിത്തുമായും  നയതന്ത്ര ബാഗിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി  ജയഘോഷ് സംസാരിച്ചിരുന്നു. അതിനാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങളെങ്കിലും ജയഘോഷിന് അറിയാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

തന്നെ ആരോ അപായപ്പെടുത്തുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ജയഘോഷ്,ആരില്‍ നിന്നാണ് ഭീഷണിയെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. തനിക്കെതിരെയുളള ഭീഷണികളെ പറ്റി ജയഘോഷ് പലരോടും പറഞ്ഞ കാര്യങ്ങളിലും വൈരുധ്യമുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നതും സംശയം ഉണര്‍ത്തുന്നുണ്ട്. ഇന്നലെ രാവിലെ മജിസ്ട്രേറ്റ് എത്തി മൊഴി എടുത്തെങ്കിലും ഈ മൊഴിയിലും ആരില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന് ജയഘോഷ് വ്യക്തമാക്കിയിട്ടില്ല.