പത്തനാപുരത്ത് പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. സജീവാണ് തമിഴ്നാട് തെങ്കാശിയിൽ നിന്ന് പിടിയിലായത്.

കൊല്ലം: കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സജീവാണ് തമിഴ്നാട് തെങ്കാശിയിൽ നിന്ന് പിടിയിലായത്. ക്ഷേത്രത്തിൽ വളർത്തു നായയുമായി എത്തി പ്രശ്നമുണ്ടാക്കിയ സജീവിനെ പിടികൂടാനെത്തിയ പത്തനാപുരം പൊലീസിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സിനിമാ സ്റ്റെെലിൽ പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്തുള്ള സജീവിൻ്റെ പരാക്രമം. പിടവൂരിലെ ക്ഷേത്രത്തിൽ വളർത്തുനായയുമായി എത്തി പ്രശ്നമുണ്ടാക്കിയ സജീവിനെ പിടികൂടാനെത്തിയ പൊലീസാണ് സമാനതകളില്ലാത്ത ആക്രമണത്തിന് ഇരയായത്. സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം അതേ ജീപ്പിൽ മൂവാറ്റുപുഴയിലേക്കാണ് പ്രതി പോയത്. ജീപ്പ് അവിടെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. സജീവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത് പൊലീസിന് വെല്ലുവിളിയായി. ഈ സമയം സജീവിൻ്റെ അനുയായികൾ പൊലീസിനെതിരെ റിൽസുകൾ ഇട്ട് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷം തുടങ്ങിയിരുന്നു. 

പ്രതി മറ്റൊരു വഴിയിൽ തെങ്കാശിയിലുള്ള ഒരൊളെ ബന്ധപ്പെട്ടതായി പത്തനാപുരം സിഐ ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം മനസിലാക്കി. പിന്നാലെ തന്ത്രപരമായ നീക്കത്തിലൂടെ തെങ്കാശിയിൽ എത്തി പ്രതിയെ പിടികൂടി. താടിയും മുടിയും മുറിച്ച് രൂപ മാറ്റം വരുത്തിയാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. സജീവിനെ പത്തനാപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. വെല്ലുവിളിച്ച സജീവിൻ്റെ അനുയായികൾക്ക് ഔദ്യോഗിക പേജിലൂടെ പൊലീസും മറുപടി നൽകി. വർഷങ്ങൾക്ക് മുമ്പ് മണ്ണ് കടത്താൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. ടിപ്പറിലെ മണ്ണ് പൊലീസ് ജീപ്പിന് മുകളിലേക്ക് തട്ടിയിട്ടായിരുന്നു അന്നത്തെ രക്ഷപ്പെടൽ.

YouTube video player