കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുന്നുണ്ടെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ് ഇത്. നാല് പ്രതികൾ യുഎഇയിലാണ് ഉള്ളത്. ഇവർക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.  പ്രതികളെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും എൻഐഎ  കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മൂന്നാം പ്രതി ഫൈസൽ ഫരീദ്, 10-ാം പ്രതി റിബിൻസ്, 15 പ്രതി സിദ്ദീഖുൽ അക്ബർ, 20. പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്.  കേസിൽ ആകെ 20 പ്രതികളാണുള്ളത്. കൂടുതൽ പ്രതികളുടെ  പങ്കാളിത്തം കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.  കള്ളക്കടത്ത് പണം  ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. വിദേശത്തുള്ള കൂടുതലാളുകളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോ​ഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎയുടെ ശ്രമിക്കുകയാണെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎഇയിലുള്ള എൻഐഎ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനില്ക്കുന്നതായാണ് സൂചന.  ഭീകരവാദത്തിന് പണം വന്ന വിഷയത്തിലാണ് ഫൈസൽ ഫരീദിനെ പ്രധാനമായും ചോദ്യം ചെയ്തതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. 

സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്കിയിരുന്നു. ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്കി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തിൽ  ഇപ്പോൾ യുഎഇയിലുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളിൽ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം. യുഎഇയുമായി നടക്കുന്ന ആശയവിനിമയത്തിൽ കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നാണ്
വിദേശകാര്യമന്ത്രാലയത്തിൻറെ നയം.

ഭീകരവാദ ബന്ധം കണ്ടെത്താനാണ് എന്നതായിരുന്നു കേസ് എൻഐഎക്ക് വിട്ടപ്പോഴത്തെ കേന്ദ്രസർക്കാർ വാദം. എന്നാൽ ഭീകരവാദ ബന്ധത്തിൽ ഇതുവരെ കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. ഫൈസൽ ഫരീദിൻറെ മൊഴി ഇതിലേക്ക് എത്താൻ സഹായിക്കും എന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.