Asianet News MalayalamAsianet News Malayalam

'നയതന്ത്രബാഗല്ല, സ്വന്തം ബാഗെന്ന് പറഞ്ഞാൽ രക്ഷപ്പെടാം', അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് സ്വപ്ന

ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ദിവസം ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. 

gold smuggling case janam tv executive editor anil nambiar questioned in kcohi nia office
Author
Kochi, First Published Aug 27, 2020, 4:02 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് പ്രതി സ്വപ്നപ്രഭാ സുരേഷിന്‍റെ മൊഴി. ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ അനിൽ നമ്പ്യാരുടെ മൊഴിയുമായി എൻഐഎ ഒത്തുനോക്കിയാകും തുടർനടപടികൾ സ്വീകരിക്കുക. 

കൊച്ചി എൻഐഎ ഓഫീസിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് മൂന്നേമുക്കാൽ വരെ, നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു. 

രാവിലെ പത്തരയോടെയാണ് അനിൽ നമ്പ്യാർ കൊച്ചി എൻഐഎ ഓഫീസിലെത്തിയത്. സ്വപ്നാ സുരേഷിന്‍റെ ഫോൺ രേഖകൾ പൂർണമായും കസ്റ്റംസും എൻഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വർണക്കടത്ത് പിടിച്ച ദിവസം തന്നെ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. എന്താണ് സംസാരിച്ചതെന്നത് വിശദമായി എൻഐഎ നമ്പ്യാരിൽ നിന്ന് ചോദിച്ചറിയും. മാധ്യമപ്രവർത്തകനെന്ന നിലയിൽ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ വിശദീകരിക്കുന്നത്. ഇതേ വിശദീകരണവുമായി അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനോട് ചോദ്യം ചെയ്യലിനായി എത്താൻ ഇന്ന് എൻഐഎ നോട്ടീസ് നൽകിയിരുന്നാണ്. എന്നാൽ വ്യക്തിപരമായ ചില കാര്യങ്ങളുള്ളതിനാൽ ഇന്ന് എത്താനാകില്ലെന്ന് അരുൺ ബാലചന്ദ്രൻ മറുപടി നൽകിയെന്നാണ് വിവരം. ഹാജരായാൽ ഇദ്ദേഹത്തെ നാളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. 

നയതന്ത്ര ബാഗിന്‍റെ മറവിൽ ആരുടെ പേരിലാണ് ദുബായിൽ നിന്ന് സ്വർണമയച്ചത് എന്നതിൽ എൻഫോഴ്സ്മെന്‍റും എൻഐഎയും അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ആദ്യ നാല് തവണ സ്വർണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിന്‍റെ പേരിലാണ്. അഞ്ചു മുതൽ 18 വരെ തവണ സ്വർണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊൻപതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്‍റെ പേരിൽ. നയതന്ത്ര ബാഗുകളുടെ മറവിൽ അവസാനത്തെ രണ്ടുതവണയാണ് ഫൈസൽ ഫരീദ് സ്വർണമയച്ചത്. ഇതിൽ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. എന്നാൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് അടക്കമുളളവരാണ് കളളക്കടത്തിന് പിന്നിലെന്നും മറ്റുളളവരെ മറയാക്കിയെന്നുമാണ് എജൻസികളുടെ നിഗമനം. കളളക്കടത്തിൽ തനിക്ക് വലിയ പങ്കില്ലെന്നാണ് ദുബായിൽവെച്ചു നടന്ന എൻഐഎയുടെ ചോദ്യം ചെയ്യലിൽ ഫൈസൽ ഫരീദ് പറഞ്ഞത്. എന്നാൽ എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികൾ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

Follow Us:
Download App:
  • android
  • ios