Asianet News MalayalamAsianet News Malayalam

'കോൺഗ്രസിൽ നിന്ന് ആർഎസ്എസിന് സർസംഘചാലക് വേണ്ട'; കോടിയേരിക്കും സിപിഎമ്മിനുമെതിരെ കെ സുരേന്ദ്രൻ

പൊലീസിന്‍റെ സഹായത്തോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. പാർട്ടി അഭിഭാഷകരെ രംഗത്തിറക്കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരോപിച്ചു.

Gold Smuggling case k surendran against Kodiyeri and cpm
Author
Thiruvananthapuram, First Published Aug 1, 2020, 11:16 AM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിര ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രതികളെ സഹായിക്കാനായി സിപിഎം അഞ്ച് അഭിഭാഷരെ രംഗത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് അടുപ്പമുള്ള നേതാവാണ് ഇതിന്‍റെ പുരോഗതി നിരീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍​ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സർസംഘചാലക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ എം കെ ദാമദോരനെ രംഗത്തിറക്കിയതിന് സമാനമായ നീക്കമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം നടത്തുന്നത്. പ്രധാന പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും സന്ദീപ് നായരുടേയും അഭിഭാഷകനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും നിയമോപദേശം നല്‍കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം സംശയാസ്പദമാണ്. പ്രതികള്‍ക്ക് വേണ്ടത് പഠിപ്പിച്ച് നല്‍കാനാണിതെന്നുമാണ് സുരേന്ദ്രന്റെ ആക്ഷേപം.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ നടത്തുന്ന ഉപവാസത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സുരേന്ദ്രന്‍റെ ആരോപണങ്ങള്‍. പൊലീസിന്‍റെ സഹായത്തോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സുരേന്ദ്രന്‍റെ ആക്ഷേപം. പാർട്ടി അഭിഭാഷകരെ രംഗത്തിറക്കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരോപിച്ചു. കോടിയേരിയുടെ പ്രസ്താവനകൾ സ്വർണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

അതേസമയം, സ്വര്‍ണക്കടത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് 18 ദിവസം നീണ്ട് നില്‍ക്കുന്ന ഉപവാസ സമര പരമ്പരക്ക് തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എംഎല്‍എ തുടക്കം കുറിച്ചു. ദേശിയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വീഡിയോ കോഫറന്‍സിലൂടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ നാളെ ഉപവാസ സമരം നടത്തും. 18നാണ് സംസ്ഥാന അധ്യക്ഷന്‍റെ ഉപവാസം.

Follow Us:
Download App:
  • android
  • ios