തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. 

ഭരണശേഷിയുള്ള ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലായിരുന്നു എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത് എന്നാൽ, ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം ശിവശങ്കറിൽ നിന്നുണ്ടായി. സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ല എന്നാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ തെളിയിക്കുന്നത്. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. 

ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തിൽ ആവർത്തിക്കില്ലെന്നും കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് കോടിയേരിയുടെ ലേഖനം.