കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ക്ലീൻ ചിറ്റില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൊച്ചിയിലേക്ക് എത്താൻ എം ശിവശങ്കറിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസിനും  എൻ ഐഎയ്ക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. 

കള്ളക്കടത്ത് ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് കസ്റ്റംസിനോടും എൻഐഎയോടും എം ശിവശങ്കര്‍ ആവർത്തിച്ചത്. പ്രതികളുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമാണ്.  എന്നാൽ പത്തുദിവസമായി ദേശീയ അന്വേഷണ ഏജൻസിയുടെ പക്കലുണ്ടായിരുന്ന പ്രതികളിൽ ചിലർ നൽകിയ മൊഴി ശിവശങ്കറിന് എതിരാണ്. 

കഴിഞ്ഞ 30 ന് വിമാനത്താവളത്തിൽ പിടിച്ചുവെച്ച സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തു എന്ന നിലയിൽക്കൂടിയാണ് അന്വേഷണം നീങ്ങുന്നത്. ഈ ഘട്ടത്തിൽ സ്വപ്ന തന്നെ ശിവശങ്കറിനുമേൽ സമ്മർദം ചെലുത്തിയെന്നും കരുതുന്നു. സ്വപ്നയുടെ മൊബൈൽ ഫോണിൽ നിന്ന് എൻഐഎ വീണ്ടെടുത്ത ടെലിഗ്രാം ചാറ്റുകൾ ഇക്കാര്യത്തിൽ നിർണായകമാണ്. 

കളളക്കടത്തിനു മുമ്പോ തൊട്ടുപിന്നാലെയോ എം ശിവശങ്കറിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇക്കാര്യം ഉറപ്പിക്കുന്നതിന് കൂടിയാണ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലേതടക്കമുളള  സിസി ടിവി ദൃശ്യങ്ങൾ എൻഐഎ തേടുന്നത്.

രണ്ടുദിവസത്തിനകം ഈ ദൃശ്യങ്ങൾ അന്വേഷണസംഘം കൈപ്പറ്റും. ഇതിനിടെ ഒന്നാം പ്രതി സരിത്തിനെ എൻ ഐ കോടതി റിമാൻ‍ഡ് ചെയ്തു. സ്വപ്നയടക്കമുളള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ  കസ്റ്റംസും എൻഫോഴ്സ്മെന്‍റും വിവിധ കോടതികളെ സമീപിച്ചിട്ടുണ്ട്.