തിരുവനന്തപുരം/ കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ സത്യവാങ്മൂലം. പ്രളയഫണ്ട് ശേഖരണത്തിനായി സർക്കാർസംഘം യുഎഇയിലുണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ 20 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു. സ്വപ്നയെയും ശിവശങ്കറിനെയും കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ആവശ്യം. സ്വപ്നയുടെ പശ്ചാത്തലത്തെ കുറിച്ച് എം ശിവശങ്കറിന് നല്ല ധാരണ ഉണ്ടായിരുന്നു. പലതവണയായി ചോദ്യം ചെയ്തതിൽ നിന്ന് പണമിടപാട് അടക്കമുള്ള വിവരങ്ങൾ എം ശിവശങ്കറിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ നൽകുന്ന സൂചന. സ്വപ്നയുടെയും സ്വര്‍ണക്കടത്ത്കേസിലെ പ്രതികളുടേയും സാന്നിധ്യത്തിൽ എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവും എൻഫോഴ്സ്മെന്‍റ് മുന്നോട്ട് വക്കുന്നുണ്ട്.