കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്‍റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.

ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും ഇഡി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്‍റെ പേരിൽ തന്നെ മാനസികമായ പീഡനത്തിനിരയാക്കുകയാണെന്നും ശിവശങ്കറും കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാൻ സാധ്യതയില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് നിലപാട്. 

സ്വർണക്കടത്ത് കേസിൽ ഹംസത്ത് അബ്ദുൽ സലാം , സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് എൻഐഎ കോടതി വിധി പറയും.  യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ തെളിവില്ലെന്ന് കണ്ട് 10 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ,കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുകയാണെന്നും ഭീകര ബന്ധം സംബസിച്ച അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികളെ ജാമ്യത്തിൽ വിടരുത് എന്നുമാണ് എൻഐഎയുടെ വാദം. 90 ദിവസത്തിലധികം കേസ് അന്വേഷിച്ചിട്ടും ഭീകര ബന്ധം സംബസിച്ച് ഒരു തെളിവും കേസ് ഡയറിയിൽ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നേരത്തെ കോടതി പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിനിടെ സരിത്, റെമീസ് , സന്ദീപ്, ജലാൽ എന്നിവരെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ന് കോടതിയിൽ  ഹാജരാക്കും.