തിരുവനന്തപുരം/ കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണ്ണായക ചുവടുമായി കസ്റ്റംസ്. പ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന ഒരാളെ മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസിൽ ഇത് വരെ നടന്നതിൽ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഈ കസ്റ്റഡി വിലയിരുത്തപ്പെടുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

മലപ്പുറത്ത് നിന്ന് അറസ്റ്റിലായത് പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണെന്നാണ് വിവരം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്നാണ് വിവരം. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. 

ഞെട്ടിക്കുന്ന വിവരങ്ങൾ സ്വർണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൽകുന്നത്. അറസ്റ്റിലായ ആളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധം അടക്കമുള്ള സൂചനകളും ഈ ഘട്ടത്തിൽ പുറത്ത് വരികയാണ്.    കൂടുതൽ അറസ്റ്റുകൾ വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 

സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയെ  പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസ്റ്റംസ് വ്യത്തങ്ങൾ നൽകുന്ന സൂചന. അറസ്റ്റിലായ ആളെ കൊച്ചിയിൽ സരിത്തുമായി ഒരുമിച്ചിരുന്നും ചോദ്യം ചെയ്യുന്നുണ്ട്.