Asianet News MalayalamAsianet News Malayalam

'സ്വ‍ർണക്കടത്തിൽ ഉന്നതർക്ക് പങ്കുണ്ടാകാം', നിർണായക സത്യവാങ്മൂലവുമായി എൻഐഎ

കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫായി. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന കസ്റ്റംസിനെ വിളിക്കുകയും ചെയ്തു. നിർണായക വിവരങ്ങളുമായി എൻഐഎ ഹൈക്കോടതിയിൽ. 

gold smuggling case nia files affidavit in kerala high court opposing anticipatory bail of swapna suresh
Author
Kochi, First Published Jul 10, 2020, 3:01 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഇതിൽ കൃത്യമായ വിവരങ്ങൾ കിട്ടണമെങ്കിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണം. രാജ്യത്തേക്ക് സ്വർണക്കളളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്ന സുരേഷെന്നും സ്വപ്നയ്ക്ക് ഒരു കാരണവശാലും മുൻകൂർ ജാമ്യം നൽകരുത് എന്നുമാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം വഴി ആവശ്യപ്പെട്ടിരിക്കുന്നത്. എൻഐഎയ്ക്ക് വേണ്ടി കേന്ദ്രം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കള്ളക്കടത്തിൽ കൂടുതൽ പ്രതികളുണ്ട് എന്നത് വ്യക്തമാണ്. ഇതിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തിരുന്നു. സ്വപ്ന ഇതിന് മുമ്പും കള്ളക്കടത്ത് നടത്തിയിരിക്കാമെന്ന് സൗമ്യയുടെ മൊഴിയുണ്ട്. 

സൗമ്യയുടെ ഭ‍ർത്താവ് സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ് പിന്നെ തിരിച്ചറിയാത്ത കുറച്ചു പേർ ഇങ്ങനെയുള്ളവർ ചേർ‍ന്ന് സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് തന്നെ കാർഗോ വിട്ടുകിട്ടാൻ കോൺസുലേറ്റ് രേഖകൾ ഉപയോഗിച്ചെന്ന് അവരുടെ ജാമ്യാപേക്ഷയിൽത്തന്നെ വ്യക്തമാണ്. 

കള്ളക്കടത്ത് വന്ന കാർഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാർഗോ വിട്ടുകിട്ടുന്നത് വൈകുന്നതെന്ന് ചോദിച്ച് സ്വപ്ന സുരേഷ് വിളിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് അവർ ഒളിവിലാണ്. ഇതിൽ കൃത്യമായും ദുരൂഹതയുണ്ട്. 

സ്വന്തം ആവശ്യത്തിന് മാത്രമല്ല മറ്റ് ചില സംഘങ്ങൾക്ക് വേണ്ടിയും സ്വപ്നയും സരിത്തും കള്ളക്കടത്ത് നടത്തി എന്നതിന് കൃത്യമായ സൂചനകൾ കസ്റ്റംസിനും എൻഐഎയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു കണ്ണിയാണ് സ്വപ്ന എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. സർക്കാർ ഏജൻസികളെയെല്ലാം കബളിപ്പിച്ച് നയതന്ത്രപരിരക്ഷ മുതലെടുത്ത് സ്വർണക്കടത്ത് സജീവമായി നടത്തിവരികയായിരുന്നു സ്വപ്നയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതിനാൽ സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണെന്ന് എൻഐഎ വ്യക്തമാക്കുന്നു. സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണെന്നും എൻഐഎ.  

സരിത്തിനെതിരെ തെളിവ് നിരത്തി കസ്റ്റംസ്

കാർഗോ വിട്ടുകിട്ടാൻ സരിത്ത് നേരിട്ട് പണമടച്ചിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമാണ്. സാധാരണ കാർഗോ വന്നാൽ ഇതിനുള്ള തുക എംബസിയോ കോൺസുലേറ്റോ മുഖാന്തരം ആർടിജിഎസ് വഴി മാത്രമേ അടയ്ക്കാനാകൂ. എന്തടിസ്ഥാനത്തിലാണ് സരിത്ത് കാർഗോ ഏറ്റുവാങ്ങാൻ നേരിട്ട് പണമടച്ചത് എന്ന എന്ന് കണ്ടെത്തണം. മാത്രമല്ല, കോൺസുലേറ്റിന്‍റെ വാഹനത്തിലല്ല സരിത്ത് ബാഗ് ഏറ്റുവാങ്ങാൻ വരാറുണ്ടായിരുന്നത്. സ്വന്തം വാഹനത്തിലാണ്. ഇത് എന്തുകൊണ്ട് ചെയ്തു എന്നത് തന്നെ സംശയാസ്പദമാണ്. സരിത്തിനെ കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

ദേശസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഈ സ്വർണക്കള്ളക്കടത്ത്. മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്ന രീതിയിലാണ് നയതന്ത്ര ബാഗ് വഴി സ്വർണക്കള്ളക്കടത്ത് നടന്നത്. യുഎഇ കോൺസുലേറ്റിന്‍റെ അറിവില്ലാതെയാകാം ഇത്തരത്തിൽ സ്വർണം എത്തിയിരിക്കാൻ സാധ്യതയെന്നും എൻഐഎ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു കേസിൽ പങ്കുണ്ട് എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന ഒരാൾ മുൻകൂർ ജാമ്യഹർജിയുമായി എത്തിയാൽ അവർക്ക് അത് അനുവദിച്ച് കൊടുക്കരുത് എന്നും എൻഐഎ ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios