തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു.  പേരൂര്‍ക്കട പൊലീസ് ക്ലബിൽ ആണ് ചോദ്യം ചെയ്യൽ. ദേശീയ അന്വേഷണ ഏജൻസി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു,  സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസിൽ എൻഐഎയുടെ നടപടി. 

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കര് പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്, സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണോ , ഇവരുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ , ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് അറിയേണ്ടത്. ഇക്കാര്യത്തിലെല്ലാം ശിവശങ്കറിന്‍റെ മൊഴിയുടേയും അതിന്റെ വിശ്വാസ്യതയും മുൻ നിര്‍ത്തിയാകും കേസിലെ തുടര്‍ നീക്കം 

ഉച്ചയ്ക്ക് വീട്ടിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് അധികൃതര്‍ ഒമ്പത് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ അന്വേഷൻ ഏജൻസിയും ചോദ്യം ചെയ്യുന്നത്. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരൊക്കെയായി ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നുള്ള വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിന് എന്ത് പറയാനുണ്ടെന്ന്  അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്ദേശിക്കുന്നത്. ഏതെങ്കിലും തരത്തിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ തുടര്‍നടപടികളിലേക്ക് നീങ്ങാൻ തന്നെയാകും അന്വേഷണ ഏജൻസികൾ തീരുമാനിക്കുക. 

സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ വച്ചാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയത് എന്നാണ് കണ്ടെത്തിൽ. അവിടെ എം ശിവശങ്കറിന് ഫ്ലാറ്റുണ്ട് എന്നത് മാത്രമല്ല സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് അവിടെ ഫ്ലാറ്റ് എടുത്ത് നൽകാൻ ഇടപെട്ടതും എം ശിവശങ്കറാണെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതികളുമായി അടുത്ത ബന്ധമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത്. ഇവര്‍ സംഘടിപ്പിച്ച പാര്‍ട്ടികളിലും മറ്റും സജീവ സാന്നിധ്യവുമായിരുന്നു എം ശിവശങ്കര്‍. എന്നാൽ ഇവരെ അറിയാമെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയില്ലായിരുന്നു എന്നുമാണ് എം ശിവശങ്കറിന്‍റെ നിലപാട്. 

ചോദ്യാവലി തയ്യാറാക്കിയാണ് ദേശീയ അന്വേഷണ ഏജൻസി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എന്തെങ്കിലും തരത്തിൽ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയുന്ന സാഹചര്യം ഉണ്ടായാൽ തുടര്‍ നടപടികളുമായി അന്വേഷണ ഏജൻസി മുന്നോട്ട് പോകും.