സ്വപ്ന സുരേഷും സരിത്തും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലിഗ്രാം സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്.
കൊച്ചി: സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി . കേസിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജിബി യോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം.
സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പ്രത്യേകം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇതെത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്ന ഉന്നത ബന്ധങ്ങളും അത് വഴി അവര്‍ നടത്തിയ ഇടപെടലുകളും സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ അറിയാൻ കഴിയുമെന്നണ് വിലയിരുത്തൽ.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ പ്രത്യേകം പരിശോധിക്കും. സ്വപ്നയുടെ മെഡിക്കൽ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കുന്ന മുറക്ക് ഇവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസിൽ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും