ബലാത്സംഗക്കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക. മാവേലിക്കര സബ് ജയിലിലേ മൂന്നാം നമ്പര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിലെ പായയിലാണ് രാഹുലിന്‍റെ കിടപ്പ്. മറ്റു പ്രത്യേക പരിഗണനകളൊന്നും തന്നെ രാഹുലിന് നൽകിയിട്ടില്ലെന്നാണ് വിവരം. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലിൽ പാര്‍പ്പിച്ചിരിക്കുന്നത്. 26/2026 നമ്പര്‍ തടവുപുള്ളിയായിട്ടാണ് രാഹുലിനെ ഇന്ന് വൈകിട്ടോടെ ജയിലിലേക്ക് മാറ്റിയത്. അതേസമയം, അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല.
ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തിയിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധരാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ചശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ ജാമ്യ ഹര്‍ജി നൽകിയിട്ടുണ്ട്. ഇത് നാളെ പരിഗണിക്കുമെങ്കിലും പ്രതിഭാഗം വാദിക്കില്ല. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം അറിഞ്ഞശേഷമായിരിക്കും ജാമ്യഹര്‍ജിയിലെ വാദവുമായി മുന്നോട്ടുപോവുകയെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം. ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ഹർജിക്കാരനെ ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണ് പരാതിയെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം.
പരാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായിട്ടുള്ളതെന്നും ഹര്‍ജിയിൽ പറയുന്നു.പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങൾ അവൾക്കറിയാമെന്നും ഹര്‍ജിയിൽ പറയുന്നു. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് യഥാർത്ഥ പരാതിക്കാരിക്ക് നന്നായി അറിയാമെന്നും പരാതിക്കാരി അവിവാഹിതയായ സ്ത്രീയാണെന്ന ധാരണയിലായിരുന്നു ഹർജിക്കാരനെന്നുമാണ് വാദം. വിവാഹിതയാണ് എന്ന് അറിഞ്ഞപ്പോൾ ബന്ധം തകർക്കുകയായിരുന്നുവെന്നും ഹര്‍ജിയിൽ പറയുന്നു.
അതേസമയം, 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നുമാണ് യുവതിയുടെ മൊഴി. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയുണ്ട്.



