കൊച്ചി: തിരുവനന്തപുരം സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ്‌ അസ്‌ലം ആണ് അറസ്റ്റിലായത്. സ്വർണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാൾ. അതിനിടെ, കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസില‍ർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസൽ തിരുവനന്തപുരം നയതന്ത്രബാഗ് വഴി സ്വർണ്ണം കടത്തി വന്ന ശ്യംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

പുലർച്ചെ നാല് മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വീട്ടിലെത്തിയത്. റെയ്ഡിൽ ചില രേഖകൾ പിടിച്ചെടുത്തതിന് പിന്നാലെ ഫൈസലിനെ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കൊച്ചിയിലേക്ക് തിരിച്ചു. പ്രധാനപ്രതി കെടി റമീസടക്കം ഒന്നിലേറെ പേരുടെ മൊഴിയനുസരിച്ചാണ് ഫൈസലിനെ കസ്റ്റഡിയിലെെടുത്തത്. നയനന്ത്രബാഗ് വഴി നേരത്തെ സ്വർണ്ണം കടത്തിയതിലും ഫൈസലിന് പങ്കുണ്ടെന്നാണ് മൊഴി. കിംഗ് പിൻ എന്നാണ് ഫൈസലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. ആകെ 80 കിലോ സ്വർണ്ണം നയതന്ത്രചാനൽ വഴി കടത്തി എന്നാണ് സ്വപ്ന അടക്കമുള്ളവരുടെ മൊഴി. 

കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായായിരുന്നു കൊച്ചിയിൽ നിന്നുള്ള സംഘത്തിന്റെ നീക്കം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പ്രതി ചേർക്കുകയുള്ളൂ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2013ൽ കരിപ്പൂർ വഴി സ്വർണ്ണം കടത്തിയ  കസ്റ്റംസ് കേസിൽ പ്രതിയായ ഫൈസലിന്  2017ൽ 38 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.