കോഴിക്കോട്" സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും പരസ്പരം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ മുഖ്യമന്ത്രി തള്ളി പറയുന്നില്ല, ശിവശങ്കർ മൊഴിയിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തും. അത് ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും മുഖ്യമന്ത്രിക്ക് അറിയാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഒന്നും ഓർമ്മയില്ലാത്ത സ്ഥിതിയാണ്. അറസ്റ്റ് ഒഴിവാക്കാനാണ് എം ശിവശങ്കർ ശ്രമിക്കുന്നത്. ആശുപത്രിവാസം അതിനാണ്. കാര്യങ്ങൾ അവ്യക്തമായി നിൽക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നത്. കേസിൽ കേന്ദ്ര ഏജൻസിയെ ക്ഷണിച്ചവർ തന്നെ സിബിഐയെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. 

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകും. നവംബർ ഒന്ന് വഞ്ചനാദിനമായി ആചരിക്കും. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം നേരത്തെ പറഞ്ഞ വിമർശനമാണ്. വാർത്താസമ്മേളനം കൊണ്ട് കൊവിഡിനെ ഓടിക്കാൻ കഴിയില്ല. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പൂർണ്ണമായി പാളി. സർക്കാർ പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ സംഭവം കേരളത്തിലെ സ്ഥിതിയുടെ ഉദാഹരണം. രോഗി ഓക്സിജൻ കിട്ടാതെ മരിച്ചത് ഗുരുതരമായ സംഭവം. ഇക്കാര്യത്തിൽ സമഗ്രമായ അന്വഷണം വേണം. സ്വർണ്ണക്കത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണ്. അതിനെ വഴിതിരിച്ച് വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ റെയിൽ അപ്രായോഗികമായ പദ്ധതിയാണ്. പദ്ധതിയെ പറ്റി പ്രതിപക്ഷവുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫിന് പുറത്തുള്ള ആരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ല. ബാർ കോഴ കേസിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച റിപ്പോർട്ട് ഇല്ലെന്ന് ജോസ് തന്നെ പറഞ്ഞ സ്ഥിതിക്ക് അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഊരും പേരുമില്ലാത്ത റിപ്പോർട്ടാണ് പുറത്ത് വന്നത്. കെ മുരളീധരൻ പറഞ്ഞത് ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രതിപക്ഷം എന്ത് പറയണമെന്ന് സിപിഎം തീരുമാനിക്കേണ്ട. വി മുരളീധരനെതിരെ ആരോപണങ്ങൾ വന്നപ്പോഴെല്ലാം ശക്തമായി പ്രതികരിച്ചിട്ടുണ്ട. യുഡിഎഫിലേക്ക് പുതിയ ആളുകൾ വരും. മാണി സി കാപ്പനുമായി ചർച്ച നടത്തിയിട്ടില്ല.