ജാമ്യ ലഭിക്കാവുന്ന വകുപ്പുകളാണിവ. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുക്കും. 153, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജാമ്യ ലഭിക്കാവുന്ന വകുപ്പുകളാണിവ. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി. സ്വപ്ന സുരേഷിനും പി സി ജോര്‍ജിനും എതിരെയാണ് പരാതി.
സ്വപ്നയുടെ വെളിപ്പെടുത്തിന്‍റെ പ്രകമ്പനം തീരും മുമ്പ് തിരിച്ചാക്രമിച്ച് വിവാദങ്ങളെ നേരിടുകയാണ് സർക്കാർ. രാവിലെ ആദ്യം ലൈഫ് മിഷൻ കേസിൽ നാടകീയമായി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതാണ് ആദ്യനീക്കം. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലൻസിന്‍റെ പതിവ് നടപടികൾ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടർനീക്കം തന്നെയാണ്. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല.
Also Read:'ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാർ', പരോക്ഷ മറുപടിയുമായി പിണറായി

അടുത്ത നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള പൊലീസ് അന്വേഷണമാണ്. മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്നാണ് പരാതി എന്നതിനാൽ എങ്ങിനെ കേസെടുക്കുമെന്നതിൽ പൊലീസിന് ആശയക്കുഴപ്പമുണ്ട്. ഇത് തീര്‍ക്കാനാണ് നിയമോപദേശം തേടിയത്. കേസ് എടുത്താൽ പ്രത്യേക അന്വേഷണസംഘമായിരിക്കും ഗൂഢാലോചന അന്വേഷിക്കുക.ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി മന്ത്രിസഭാ ആറ് മാസത്തേക്ക് നീട്ടിയത്. സംസ്ഥാന ഏജൻസികളെ ഇറക്കിയുള്ള തിരക്കിട്ടുള്ള നടപടികൾ സർക്കാറിനെ കൂടുതൽ സംശയത്തിൻറെ നിഴലിൽ നിർത്തുന്നു. വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിലും സർക്കാറിന് ഒളിക്കാനില്ലെങ്കിലും എന്തിനാണ് വിജിലൻസിനെ പഴയകേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേസമയം സരിത്തിനെ ചോദ്യം ചെയ്യലിന് വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം.
Also Read: 'മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി', സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ
