ദുബൈയിൽ നിന്ന് നാടുകടത്തിയ റബിൻസിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. വൈകീട്ട് 4.20 ന് എയർ ഇന്ത്യ വിമാനത്തിൽ ആണ് കൊച്ചിയിൽ എത്തിയത്.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി റബിൻസ് ഹമീദ് എൻഐഎയുടെ പിടിയിലായി. ദുബൈയിൽ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. റബിൻസിനെ കേരളത്തിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാളാണ് എൻഐഎ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വർണ്ണം അയച്ചത് റബിൻസും, ഫൈസൽ ഫരീദും ചേർന്നാണെന്ന് എൻഐഎ യുടെ കണ്ടെത്തൽ. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ പത്താം പ്രതിയായ റബിൻസിനെ കേരളത്തിലെത്തിക്കാൻ ഇന്ത്യ ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു. കൊച്ചിയിലെ എൻഐഎ കോടതി പ്രതിയ്ക്കായി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് യുഎഇ റബിൻസിനെ നാട് കടത്തിയത്. ഈ വിവരം ഇന്‍റർ പോൾ എൻഐഎയും കൈമാറിയിരുന്നു. 

വൈകിട്ട് 4.30 ഓടെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കൂട്ട് പ്രതിയായ ഫൈസൽ ഫരീദിനെ കേരള്തതിലെത്തിക്കാനുള്ള ശ്രമവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാൽ എന്നിവരുമായി ചേർന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിൻസ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. പ്രതിയോ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹജരാക്കും.